ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെടുപ്പ് തുടങ്ങിയത്. സംസ്ഥാന സർക്കാർ ഭരിക്കുന്ന ആം ആദ്മിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. രാവിലെ തന്നെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളില്‍ കാണാന്‍ കഴിയുന്നത്. തലസ്ഥാനത്ത് ചൂട് ഏറിയതിനാല്‍ നേരത്തേ തന്നെ വോട്ട് ചെയ്ത് മടങ്ങുന്നതിനാണ് രാവിലെ തന്നെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിയത്.
നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലായി 272 വാര്‍ഡുകളാണ് ഉള്ളത്. മൂന്നു കോർപറേഷനുകളും പത്തുവർഷമായി ഭരിക്കുന്ന ബി.ജെ.പി ഇക്കുറിയും വിജയം ആവർത്തിക്കുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്. ആഴ്ചകൾക്കു മുമ്പു നടന്ന രജൗരിഗാർഡൻ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിയുടെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വൻഭൂരിപക്ഷത്തോടെ ജയിച്ചിരുന്നു.
മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ആംആദ്മി സ്ഥാനാർത്ഥിക്ക് കെട്ടിവച്ച കാശും പോയി. ഞെട്ടിക്കുന്ന പരാജയം ഏറ്റുവാങ്ങിയ ആം ആദ്മി പാര്‍ട്ടിക്ക് ഏറെ നിര്‍ണ്ണായകമാണ് തെരഞ്ഞെടുപ്പ്. 2013ൽ സംസ്ഥാന ഭരണം നഷ്ടമായ കോൺഗ്രസ് ഉപതിരഞ്ഞെടുപ്പിൽ നല്ലപ്രകടമാണ് കാഴ്ചവച്ചത്. 2015 നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് നില മെച്ചപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.