ന്യൂഡല്‍ഹി: ഡല്‍ഹി കോര്പ്പറേഷന് ഭരണം പിടിച്ചെടുത്ത് ആംആദ്മി പാര്‍ട്ടി. 15 വര്‍ഷം നീണ്ട ബിജെപിയുടെ ഭരണത്തിനാണ് അവസാനമായത്. ഭരണത്തിനാവശ്യമായ കേവലഭൂരിപക്ഷം (126 സീറ്റ്) ആംആദ്മി പിന്നിട്ടു. തിരഞ്ഞെടുപ്പ് കമ്മിഷന് നല്കുന്ന ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം 134 സീറ്റുകളിലാണ് ആംആദ്മി വിജയിച്ചിട്ടുള്ളത്. 104 സീറ്റുകള്‍ ബിജെപിയും സ്വന്തമാക്കി. കോണ്‍ഗ്രസ് ഒൻപതിടത്തു മാത്രമാണ് വിജയിച്ചത്.
ലീഡ് നില (ആകെ 250 സീറ്റുകള്‍)
- ആംആദ്മി – 134
- ബിജെപി – 104
- കോണ്‍ഗ്രസ് – 09
- മറ്റുള്ളവര്‍ – 03
ഡൽഹിയിലെ മൂന്ന് കോർപറേഷനുകളും സൗത്ത്, നോര്‍ത്ത്, ഈസ്റ്റ്) ചേർത്ത് ഒറ്റ കോർപറേഷനാക്കിയതിനു ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. മൂന്നു കോർപറേഷനുകളിലുമായി നേരത്തെ 272 സീറ്റാണുണ്ടായിരുന്നത്. ഒറ്റ കോർപേറേഷനായതോടെ സീറ്റ് എണ്ണം 250 ആയി ചുരുങ്ങി. 126 സീറ്റുകളിൽ വിജയിക്കുന്നവർക്കു ഭരണത്തിലെത്താം.
ഡിസംബര്‍ നാലിനായിരുന്നു വോട്ടെടുപ്പ്. പോളിങ് ശതമാനത്തില്‍ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. 1.45 കോടി വോട്ടര്‍മാരില്‍ 73 ലക്ഷം പേര് മാത്രമാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്, ഏകദേശം 50.48 ശതമാനം. 2020-ൽ പ്രക്ഷോഭം നടന്ന വടക്കുകിഴക്കൻ ഡൽഹിയുടെ ഗ്രാമീണ പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ പോളിങ് ഉണ്ടായത്.
അരവിന്ദ് കേജ്രിവാൾ നയിക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് എഎപി അവകാശപ്പെട്ടിരുന്നത്. എന്നാൽ സീറ്റ് എണ്ണത്തില്‍ കുറവ് സംഭവിച്ചാലും ഭരണം നഷ്ടപ്പെടില്ലന്ന പ്രതീക്ഷയായിരുന്നു ബിജെപി ക്യാമ്പിൽ. ഉന്നത നേതക്കാന്മാരെ കളത്തിലെത്തിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം.
2017 തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആധിപത്യമായിരുന്നു. 270 വാര്‍ഡുകളില്‍ 181 എണ്ണത്തിലും വിജയിച്ചു. ആംആദ്മി 47 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 27 ആയി ചുരുങ്ങി. അന്ന് 53 ശതമാനം പോളിങ്ങായിരുന്നു രേഖപ്പെടുത്തിയിരുന്നത്.