ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം പ്രവചിച്ച് എക്സിറ്റ് പോള്‍ ഫലങ്ങള്‍. 272 സീറ്റുകളില്‍ 200ലധികം ബിജെപി നേടി വന്‍ വിജയം കൊയ്യുമെന്നാണ് പ്രവചനം.
സംസ്ഥാന സർക്കാർ ഭരിക്കുന്ന ആം ആദ്മിയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും തിരിച്ചുവരവിനൊരുങ്ങുന്ന കോൺഗ്രസും തമ്മിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ നടന്നത്.

53.6 ശതമാനം പോളിംഗ് ഉണ്ടായ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏപ്രില്‍ 26നാണ്.
ഇന്ത്യ ടുഡെ ആക്സിസ് എക്സിറ്റ് പോളിൽ ബി.ജെ.പി. 202നും 220നും ഇടയിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടി 23 മുതല്‍ 25 വരെ സീറ്റും കോൺഗ്രസ് 19 മുതല്‍ 31 വരെ സീറ്റും നേടുമെന്നാണ് പ്രവചനം. സി.വോട്ടർ എ.ബി.പിയുടെ പ്രവചനപ്രകാരം ബിജെപി 218 സീറ്റ് നേടുമെന്നാണ്. ആം ആദ്മി പാർട്ടി 24 സീറ്റും കോൺഗ്രസ് 22 സീറ്റും നേടുമെന്നും പ്രവചിക്കുന്നു.

നോര്‍ത്ത്, ഈസ്റ്റ്, സൗത്ത് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലായി 272 വാര്‍ഡുകളാണ് ഉള്ളത്. മൂന്നു കോർപറേഷനുകളും പത്തുവർഷമായി ഭരിക്കുന്ന ബി.ജെ.പി ഇക്കുറിയും വിജയം ആവർത്തിക്കുമെന്നാണ് സർവേകളും പ്രവചിച്ചിരുന്നത്. ആഴ്ചകൾക്കു മുമ്പു നടന്ന രജൗരിഗാർഡൻ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മിയുടെ സിറ്റിംഗ് സീറ്റിൽ ബി.ജെ.പി വൻഭൂരിപക്ഷത്തോടെ ജയിച്ചിരുന്നു. വിജയം ബിജെപി ആവര്‍ത്തിക്കുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ