ന്യൂഡല്‍ഹി: യുക്രൈന്-റഷ്യ യുദ്ധത്തെതുടര്‍ന്ന് ചര്‍ച്ചയായിരിക്കുന്നത് അവിടെയുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ദയനീയ അവസ്ഥയാണ്. വിദേശത്ത് വര്‍ധിച്ചു വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ സാന്നിധ്യവും ശ്രദ്ധാ കേന്ദ്രമാകുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫോറിന് മെഡിക്കല്‍ ഗ്രാജുവേറ്റ്സ് എക്സാമിനേഷന് (എഫ്എംജിഇ) എഴുതുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ മൂന്ന് മടങ്ങ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എംബിബിഎസ് ബിരുദത്തിനായി വിദേശത്തേക്ക് പോകുന്ന എല്ലാ ഇന്ത്യൻ വിദ്യാര്‍ഥികള്‍ക്കും രാജ്യത്ത് ജോലി ചെയ്യാനുള്ള ലൈസൻസ് ലഭിക്കുന്നതിന് നിർബന്ധിത പരീക്ഷ.
പരീക്ഷ നടത്തുന്ന നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ (എന്‍ബിഇ) കണക്കുകള്‍ പ്രകാരം, പരീക്ഷയെഴുതിയ മെഡിക്കൽ ബിരുദധാരികളുടെ എണ്ണം 2015 ൽ 12,116 ആയിരുന്നു. എന്നാലിത് 2020 ലെത്തിയപ്പോള്‍ 35,774 ആയി ഉയർന്നു. പ്രസ്തുത കാലയളവിൽ ഇന്ത്യയില്‍ മുപ്പതിനായിരത്തോളം പുതിയ മെഡിക്കൽ സീറ്റുകൾ കൂടി അനുവദിക്കുകയും ചെയ്തു.
എഫ്എംജിഇ പരീക്ഷയെഴുതുന്നവരില്‍ ഭൂരിഭാഗവും ചൈന, റഷ്യ, യുക്രൈന്, കിർഗിസ്ഥാൻ, ഫിലിപ്പീൻസ്, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ബിരുദമെടുത്തവരാണ്. ചൈനയില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 12,680 വിദ്യാര്‍ഥികളാണ് 2020 ല്‍ പ്രസ്തുത പരീക്ഷയെഴുതിയത്. റഷ്യയില്‍ നിന്നുള്ള 4,313 വിദ്യാര്‍ഥികളാണ് യോഗ്യതാ പരീക്ഷയെഴുതിയത്.
കഴിഞ്ഞ അഞ്ച് വർഷമായി എഫ്എംജിഇ പരീക്ഷയുടെ ശരാശരി വിജയശതമാനം 15.82 മാത്രമാണ്. യുക്രൈനില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 17.22 ശതമാനം വിദ്യാര്‍ഥികളും പരീക്ഷ വിജയിച്ചതായാണ് കണക്കുകള്‍ പറയുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഫിലിപ്പീന്‍സില്‍ നിന്ന് ബിരുദം നേടുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ പത്ത് മടങ്ങ് വര്‍ധനയാണ് ഉണ്ടായത്. ഫിലിപ്പീൻസിൽ നിന്നുള്ള ബിരുദധാരികൾ ലൈസൻസ് പരീക്ഷയിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവച്ചതാണ് മാറ്റത്തിന് കാരണമെന്ന് എൻബിഇയിൽ മുമ്പ് പ്രവർത്തിച്ചിട്ടുള്ള ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. പരീക്ഷയെഴുതിയവരില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള 50.2 ശതമാനം ബിരുദധാരികളും 2019 ല്‍ യോഗ്യത നേടിയിരുന്നു.
യുക്രൈനില്‍ എംബിബിഎസ് പഠനത്തിനായി ആറ് വര്‍ഷം 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ചിലവ്. ഇന്ത്യയില്‍ നാലര വര്‍ഷത്തെ കോഴ്സിന് സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ 50 ലക്ഷം രൂപ മുതലാണ് ഫീസായി വാങ്ങിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഫീസ് പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്.
Also Read: യുക്രൈന് ആണവായുധ ശേഖരം ഉപേക്ഷിച്ചത് എന്തിന്? ബുഡാപെസ്റ്റ് മെമ്മോറാണ്ടം വീണ്ടും ചർച്ചയിൽ