ന്യൂഡല്‍ഹി: ഹരിയാനാ പൊലീസ് സേനയിലെ ഈ വര്‍ഷത്തെ ബാച്ചിലേക്ക് പ്രവേശനം തേടി വന്നിരിക്കുന്നത്തില്‍ ഭൂരിപക്ഷം എംബിഎ, എം ടെക്, നിയമ ബിരുദധാരികള്‍. കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്ക് ആളെ ക്ഷണിച്ച് കൊണ്ട് ഹരിയാന സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ കൊടുത്ത നിയമന അറിയിപ്പിലേക്ക്‌ കൂടുതലും പ്രൊഫഷണല്‍ ബിരുദധാരികളാണ് എത്തി ചേര്‍ന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 4,225 ഒഴിവുകളായിരുന്നു ഹരിയാന കോണ്‍സ്റ്റബിള്‍ പോസ്റ്റില്‍ ഉണ്ടായിരുന്നത്. അപേക്ഷകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ നിലവില്‍ പരിശീലനത്തിലാണെന്ന് പൊലീസ് ഡിജിപിയായ ബി.എസ്.സന്ധു പത്രക്കുറിപ്പില്‍ അറിയിച്ചു.

മെയ്‌ 20നു നടക്കുന്ന, 84-ാമത്തെ റിക്രൂട്ട് ബേസിക് കോഴ്സിന്‍റെ പാസിങ് പരേഡിലെ മുഖ്യാതിഥി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറാണ്. മധുബന്നിലെ ഹരിയാന പൊലീസ് അക്കാദമിയിലാണ് ചടങ്ങ് അരങ്ങേറുന്നത്. പരിശീലനത്തിൽ ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ഈ പരിപാടിയില്‍ മുഖ്യമന്ത്രി സമ്മാനം നല്‍കും.

സുതാര്യമായ തിരഞ്ഞെടുക്കല്‍ പ്രക്രിയ കാരണം ഉന്നത വിദ്യഭാസമുള്ള വ്യക്തികളാണ് കോണ്‍സ്റ്റബിള്‍ പോസ്റ്റിങ്ങിന് അപേക്ഷ നല്‍കിയത്. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന് 3,827 പേരും നഗര പശ്ചാത്തലത്തില്‍ നിന്ന് 398 പേരുമാണ് ഇത്തവണ പൊലീസ് സേനയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. “ഇതില്‍ രണ്ട് എംഫില്‍,15 എംടെക്,16 എംസിഎ,36 എംബിഎ,33 എംഎസി, 38 എംകോം,103 എംഎ, 273 ബിടെക്, 51 ബിസിഎ ,3 എല്‍എല്‍ബി, 434 ബിഎസി, 215 ബികോം, 844 ബിഎ, 23 ഡിപ്ലോമധാരികള്‍, ജെബിറ്റിയോട് കൂടി പ്ലസ് ടു പാസായ 65 പേര്‍, രണ്ട് ഐടിഐ ഫിറ്റര്‍, 2028 പ്ലസ്‌ ടു പാസായവര്‍ എന്നിവരാണുള്ളത്”, അദ്ദേഹം പറഞ്ഞു.

ഭരണ നിര്‍വ്വഹണം, റേഡിയോ പരിശീലനം, ട്രാഫിക് നിയന്ത്രണം, ക്രമസമാധാനം നിലനിര്‍ത്തല്‍, സുരക്ഷ, ഇന്ത്യൻ പീനൽ കോഡ്, മനുഷ്യ സ്വഭാവം, കമ്മ്യൂണിറ്റി പൊലീസിങ്, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയിലാണ് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പരിശീലനം നല്‍കിയത്. ഈ ബാച്ച് പുറത്ത് വരുന്നതോട് കൂടി സംസ്ഥാനത്തെ പൊലീസ് സേന കൂടുതല്‍ ശക്തിപ്പെടും എന്നാണു കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുവാക്കള്‍ക്ക് തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായി ഭരണത്തിലേറിയ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് പ്രൊഫഷനല്‍ ബിരുദം സ്വീകരിച്ച ഇത്രയധികം തൊഴില്‍ രഹിതര്‍ ഉണ്ട് എന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചവരില്‍ ഒട്ടേറെ പേര്‍ തിരഞ്ഞെടുക്കപ്പെടാതെ പോവുകയും ചെയ്ത സാഹചര്യത്തില്‍ വെളിപ്പെടുന്നത് രാജ്യത്തെ തൊഴില്‍ പ്രതിസന്ധിയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ