ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ‘ഞാനും കാവൽക്കാരനാണ്’ എന്ന പ്രചാരണത്തെ പരിഹസിച്ച് ബിഎസ്‌പി അധ്യക്ഷ മായാവതി. 2014 ൽ ‘ചായക്കാരൻ’ പ്രചാരണം നടത്തിയ ബിജെപി ഇന്ന് കാവൽക്കാരനിലേക്ക് മാറിയിരിക്കുന്നു എന്നാണ് മായാവതിയുടെ പരിഹാസം. ഇത് ബിജെപി ഭരണത്തിന്റെ മാറ്റമാണെന്നും മായാവതി കൂട്ടിച്ചേർത്തു.
“ബിജെപിയുടെ ഞാനും കാവൽക്കാരനാണ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പലരും ട്വിറ്ററിൽ കാവൽക്കാരൻ എന്ന് പേരിനൊപ്പം ചേർത്തിരിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചായക്കാരനായിരുന്നയാൾ ഇനി ചായക്കാരനല്ല, ഇപ്പോൾ നരേന്ദ്ര മോദി കാവൽക്കാരനാണ്. എന്തൊരു മാറ്റമാണ് ബിജെപി ഭരണത്തിൽ ഇന്ത്യ കണുന്നത്.” മായാവതി ട്വിറ്ററിൽ കുറിച്ചു.
After BJP launch 'Mai Bhi Chowkidar' campaign, PM Modi & others added the prefix 'Chowkidar' to their Twitter handles. So now Narendra Modi is Chowkidar & no more a 'Chaiwala' which he was at the time of last LS election. What a change India is witnessing under BJP rule. Bravo!
— Mayawati (@Mayawati) March 19, 2019
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചായക്കാരൻ എന്ന പ്രചാരണമാണ് ബിജെപി പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയെ പ്രഖ്യാപിച്ചപ്പോൾ മുതൽ ഉയർത്തിക്കാണിച്ചത്. വലിയ ഭൂരിപക്ഷത്തോടെ അന്ന് ബിജെപി അധികാരത്തിലെത്തിയിരുന്നു. ഇതിന് ശേഷമാണ് താൻ അഴിമതിക്കെതിരെ നിൽക്കുന്ന രാജ്യത്തിന്റെ കാവൽക്കാരനാണെന്ന് മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം ബിജെപി ഇത് പ്രചാരണായുധമാക്കുകയും ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും കാവൽക്കാരൻ പ്രചാരണത്തെ വിമർശിച്ചിരുന്നു. തന്നെ പ്രധാനമന്ത്രിയാക്കാതെ കാവൽക്കാരനാക്കൂ എന്ന് നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്ത മോദി, പിടിക്കപ്പെട്ടപ്പോൾ രാജ്യത്തുള്ളവരെ മുഴുവൻ കാവൽക്കാരാക്കി മാറ്റാനാണ് കഴിഞ്ഞ രണ്ടുദിവസമായി ശ്രമിക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കാവൽക്കാരൻ കള്ളനാണെന്നാണ് രാഹുലിന്റെ മറുപ്രാചരണം.