ലക്‌നൗ: അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാഗ്‌ദാനത്തിനെതിരെ ബിഎസ്പി മേധാവി മായാവതി. രാഹുലിന്റെ വാഗ്‌ദാനം ഒരിക്കലും നടപ്പിലാക്കാന്‍ സാധിക്കാത്തതും സംശയം ജനിപ്പിക്കുന്നതുമാണെന്ന് മായാവതി പറഞ്ഞു.

‘കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രഖ്യാപനം രാജ്യത്തെ ഒരേസമയം അത്ഭുതപ്പെടുത്തുകയും സംശയമുണര്‍ത്തുകയും ചെയ്യുന്ന ഒന്നാണ്. മുന്‍ സര്‍ക്കാരിന്റെ ‘ഗരീബി ഹടാവോ’ പോലെയും നിലവിലെ സര്‍ക്കാരിന്റെ ‘അച്ചേ ദിന്‍’ വഴി കള്ളപ്പണം തിരിച്ചു പിടിച്ച് ഓരോ പാവപ്പെട്ടവര്‍ക്കും 15-20 ലക്ഷം നല്‍കും പോലുള്ള ക്രൂരമായ തമാശകളാണോ എന്ന് തോന്നിപ്പോകും,’ മായാവതി പ്രസ്താവനയില്‍ പറഞ്ഞു.

‘രാജ്യത്തിന് ഇത്തരം വാഗ്‌ദാനങ്ങള്‍ നല്‍കുന്നതിന് മുമ്പായി കോണ്‍ഗ്രസ് ചെയ്യേണ്ടത് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, പ്രധാനമായും രാജസ്ഥാന്‍, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ ഇടങ്ങളില്‍ ജനക്ഷേമ നയങ്ങള്‍ നടപ്പാക്കുക എന്നതാണ്. എങ്കില്‍ മാത്രമേ ആളുകള്‍ക്ക് നിങ്ങള്‍ ഇത് വിജയകരമായി നടപ്പാക്കുമെന്നും പ്രഖ്യാപനങ്ങള്‍ വെറും ചതിയല്ല എന്നും വിശ്വസിക്കാന്‍ സാധിക്കൂ. വിശ്വാസ്യതയുടെ കാര്യം പരിശോധിച്ചാല്‍ ബിജെപിക്കും കോണ്‍ഗ്രസിനും, അവരെ ജനങ്ങള്‍ക്ക് വിശ്വാസത്തിലെടുക്കാന്‍ സാധിക്കാത്ത നിരവധി കാര്യങ്ങളുടെ റെക്കോര്‍ഡ് തന്നെയുണ്ട്,’ മായാവതി പറഞ്ഞു.

‘ഇത് സംബന്ധിച്ച് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ ചരിത്രം എന്താണ്? ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് കൊട്ടിഘോഷിക്കപ്പെട്ട ‘ഗരീബി ഹടാവോ’ എന്ന മുദ്രാവാക്യത്തിന്റെ അനന്തര ഫലം എന്തായിരുന്നു? അത്തരം ഒരു ഉദാഹരണം ജനങ്ങള്‍ക്ക് മുമ്പില്‍ ഉണ്ട്. കര്‍ഷകരെ ദുരിതങ്ങളില്‍ നിന്നും ആത്മഹത്യയില്‍ നിന്നും രക്ഷപ്പെടുത്തുമെന്ന് പറഞ്ഞ് കോണ്‍ഗ്രസും ബിജെപിയും നല്‍കിയ എല്ലാ വാഗ്‌ദാനങ്ങളും വെറും ചതി മാത്രമായിരുന്നുവെന്ന് തെളിഞ്ഞതാണ്. കോടിക്കണക്കിനു വരുന്ന പാവങ്ങളോടും തൊഴിലാളികളോടും കര്‍ഷകരോടും തൊഴില്‍രഹിതരോടും നിങ്ങള്‍ക്ക് നടപ്പാക്കാന്‍ സാധിക്കാത്ത ഒരു വാഗ്‌ദാനവും ബിജെപിയും കോണ്‍ഗ്രസും നല്‍കരുത്,’ മായാവതി വ്യക്തമാക്കി.

കൂടുതല്‍ പ്രവര്‍ത്തിക്കുകയും കുറച്ച് സംസാരിക്കുകയും ചെയ്യുന്ന പാര്‍ട്ടികളെ മാത്രമേ വിശ്വസിക്കാവൂ എന്നും മായാവതി ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook