ലക്നൗ: ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്ന ആരോപണത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ബിഎസ്‌പി അധ്യക്ഷ മായാവതി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത് ആര്‍എസ്എസിന്‍റെ അജണ്ടയാണ്. ബിജെപി സർക്കാരിന്റെ ഉയർന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ “അതതു സ്ഥാനങ്ങളുടെ പാരമ്പര്യവും അന്തസ്സും നശിപ്പിക്കുന്നതില്‍ ” അഭിമാനിക്കുന്നവര്‍ ആണെന്നും മായാവതി പറഞ്ഞു.

ബിജെപി നേതാക്കളും സര്‍ക്കാരും ജനങ്ങളെ വിഡ്ഢികളാക്കുകയാണ് എന്ന് പറഞ്ഞ മായാവതി “ജാതിവാദികളായ ആ മനുഷ്യര്‍ വോട്ടിനായി മാത്രം ദലിതരുടെ വീടുകള്‍ സന്ദര്‍ശിക്കുന്നവരും എന്നിട്ട് അവിടെ വച്ച് വിലയേറിയ ഫൈവ് സ്റ്റാര്‍ ഭക്ഷണം മാത്രം കഴിക്കുകയും ചെയ്യുന്നവരാണ് ” എന്നും പറഞ്ഞു. ഈയടുത്ത് ഒരു ദലിത് വീട് സന്ദര്‍ശിക്കവേ ബിജെപി നേതാവായ യെഡിയൂരപ്പ അടുത്തുള്ള ഹോട്ടലില്‍ നിന്നും ഭക്ഷണം വരുത്തി കഴിച്ചത് വിവാദമായിരുന്നു. അത് സൂചിപ്പിച്ചുകൊണ്ടായിരുന്നു മായാവതിയുടെ പ്രസ്താവന.

ബിജെപി അതിന്റെ മാതൃ സംഘടനയായ ആര്‍എസ്എസിന്‍റെ വെറുപ്പും വിഭജനവും കലര്‍ന്ന രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ് എന്ന് വിമര്‍ശിച്ച മായാവതി. “ഇതിനായി ദലിതരേയും ആദിവാസികളേയും പിന്നോക്ക വിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും ലക്ഷ്യം വയ്ക്കുകയും അവരെ അതിക്രമങ്ങള്‍ക്കും അനീതികള്‍ക്കും ഇരകളാക്കുകയും ” ചെയ്യുകയാണ് എന്ന് ആരോപിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളോടും ജുഡീഷ്യറിയോടും മറ്റു ഭരണഘടനാ സ്ഥാപനങ്ങളോടും ബിജെപിക്കുള്ള സമീപനം ധാര്‍ഷ്ട്യം മാത്രമാണെന്നും മായാവതി വിമര്‍ശിക്കുന്നു. ദാരിദ്യവും തൊഴിലില്ലായ്മയും വര്‍ഗീയതയും ജാതി അക്രമങ്ങളും പോലുള്ള രാജ്യത്തെ പൊള്ളുന്ന വിഷയങ്ങളില്‍ ബിജെപിക്ക് ഉത്തരമില്ലെന്ന് ബിഎസ്പി അധ്യക്ഷ പറഞ്ഞു.

“ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അതിര്‍ത്തികളും കൂടുതല്‍ അരക്ഷിതവും അസ്ഥിരവുമാണ്. അനുദിനം ജവാന്മാര്‍ കൂടുതലായി കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നതിനു മറ്റു കാരണങ്ങളൊന്നും ഇല്ല” മായാവതി പറയുന്നു.

Read More: അതിർത്തി പ്രശ്നം അവസാനിക്കും വരെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ക്രിക്കറ്റ് കളിക്കില്ലെന്ന് കേന്ദ്രമന്ത്രി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook