ന്യൂഡൽഹി: ബിഎസ്‌പി അധ്യക്ഷ മായാവതിക്ക് സുപ്രീം കോടതിയിൽനിന്നും തിരിച്ചടി. പൊതുജനങ്ങളുടെ പണം ഉപയോഗിച്ചാണ് ലക്‌നൗവിലും നോയിഡയിലും സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമയും നിർമ്മിച്ചതെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് അന്തിമ വാദത്തിനായി കേസ് ഏപ്രിൽ രണ്ടിലേക്ക് മാറ്റി.

2007-2012 കാലത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബിഎസ്‌പി സ്ഥാപകൻ കാൻഷി റാമിന്റെ അടക്കം നേതാക്കളുടെ പ്രതിമയും ബിഎസ്‌പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ആനയുടെ പ്രതിമയും സ്ഥാപിച്ചത്. ലക്‌നൗ, നോയിഡ അടക്കം സംസ്ഥാനത്തിന്റെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ പ്രതിമ സ്ഥാപിച്ചതിന് 2,600 കോടി രൂപയാണ് ചെലവായത്. സംസ്ഥാനത്തിന് ഇതിലൂടെ 111 കോടിയുടെ നഷ്ടമുണ്ടായതായാണ് ആരോപണം.

പൊതുപണം സ്വന്തം പ്രതിമയ്ക്കും പാർട്ടി പ്രചാരണത്തിനുമായി ഉപയോഗിക്കാൻ പാടില്ലെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകൻ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. പൊതുപണം മായാവതി സ്വന്തം പ്രതിമ നിർമ്മിക്കുന്നതിനും പാർട്ടി ചിഹ്നം നിർമ്മിക്കുന്നതിനും ചെലവഴിച്ചതായി പ്രഥമദൃഷ്ട്യയാൽ തെളിഞ്ഞുവെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് വ്യക്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook