പട്‌ന: ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരായ വിജയത്തിന് പിന്നാലെ ബിഎസ്‌പി നേതാവ് മായാവതി സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ കൊണ്ടുവരാന്‍ അയച്ചത് മെഴ്സീഡസ് ബെന്‍സ്. തുടര്‍ന്ന് മായാവതിയുടെ വീട്ടിലെത്തിയ അഖിലേഷ് മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരികെ പോയത്.

ബിഎസ്‌പിയുമായുള്ള സഖ്യം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുമെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയിട്ടുണ്ട്. ബുധനാഴ്ച പുറത്തുവന്ന ഉത്തരേന്ത്യയിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ എസ്‌പി സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു കാരണമായത് ബിഎസ്‌പിയുമായുള്ള സഖ്യമായിരുന്നു. ഇനി യുപിയില്‍ നടക്കുന്ന കൈരാന ഉപതിരഞ്ഞെടുപ്പിലും ഒരുമിച്ച് മൽസരിക്കുമെന്നു അഖിലേഷ് യാദവ് അറിയിച്ചു.

പാര്‍ലമെന്റിലും സഖ്യം തുടരും. മായാവതിയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ലും ഒരുമിച്ച് നില്‍ക്കാനാണ് തീരുമാനമെന്നു അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെ ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിക്കതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നതായിട്ടാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഈ കഴിഞ്ഞ യുപിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ചടുലമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും സഖ്യത്തിലെത്തിയത്. ത്രിപുര തിരഞ്ഞെടുപ്പ് ഫലം വന്നതിനെ തുടര്‍ന്ന് രഹസ്യമായി എസ്‌പി, ബിഎസ്‌പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ മായാവതി പരസ്യമായി എസ്‌പിക്ക് പിന്തുണ നല്‍കുന്ന കാര്യം പ്രഖ്യാപിച്ചില്ല. മറിച്ച് ബിജെപിയെ തോല്‍പ്പിക്കുന്നതിനു വേണ്ട കാര്യങ്ങള്‍ ചെയുമെന്നാണ് അറിയിച്ചിരുന്നത്. എസ്‌പിക്കു വോട്ട് ചെയ്യാനും മായാവതി ആഹ്വാനം ചെയ്തില്ല. എന്നിട്ടും ബിഎസ്‌പിയുടെ പരോക്ഷമായ പിന്തുണയോടെ എസ്‌പി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ച സാഹചര്യത്തിലാണ് സഖ്യം തുടരുന്നതിന് തീരുമാനിച്ചിരുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook