ന്യൂ ഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതി രാജ്യസഭാംഗത്വം രാജിവെച്ചു. ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തുടരുന്നുവെന്നാരോപിച്ചായിരുന്നു രാജി. രാവിലെ മായാവതി രാജി പ്രഖ്യാപനം നടത്തിയിരുന്നു.

‘ദലിതര്‍ക്കു നേരെയുള്ള ആക്രമണങ്ങളെക്കുറിച്ച് സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഞാന്‍ രാജ്യസഭയില്‍ നിന്നും രാജിവയ്ക്കും’ എന്ന് മായാവതി രാജ്യസഭാ സ്പീക്കര്‍ പി.ജെ.കുര്യനെ അറിയിച്ചിരുന്നു. വിഷയങ്ങള്‍ ചുരുക്കി പറയാനുള്ള സ്പീക്കറുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു മായാവതിയുടെ പ്രതിഷേധം.

ബിജെപി അധികാരത്തില്‍ വന്നതിനു ശേഷമാണ് രാജ്യത്ത് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ മുതല്‍ ഗോരക്ഷകര്‍ നടത്തുന്ന അതിക്രമങ്ങള്‍ വരെയുള്ള സംഭവങ്ങള്‍ ഇതിനു തെളിവാണെന്നും മായാവതി പറഞ്ഞു.

പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോകുന്നതിനു മുമ്പായി, സഹാറന്‍പൂരില്‍ നടന്ന കലാപത്തെക്കുറിച്ചും വിഷയത്തെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതിലെ പ്രശ്‌നങ്ങളെക്കുറിച്ചും മായാവതി വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ