ന്യൂഡല്‍ഹി : 2019ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യകക്ഷിയായി മത്സരിക്കുമെന്ന് സൂചന നല്‍കി ബിഎസ്‌പി മുഖ്യ മായാവതി.
ഇത്തരത്തിലൊരു കൂട്ടുകെട്ട് മുഖ്യശത്രുവായ ബിജെപിയെ തകര്‍ക്കാന്‍ ആവശ്യമാണ് എന്നാണ് നാല് തവണ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായ മായാവതിയുടെ പക്ഷം “ബി.ജെ.പിയുടെ ദുഷ്പ്രചരണങ്ങളൊക്കെ ഞങ്ങളുടെ വരവിനെക്കുറിച്ചുള്ള അവരുടെ ഭയമല്ലാതെ മറ്റൊന്നുമല്ല” ബിജെപിയും ആര്‍എസ്എസ്സും അഴിച്ചുവിടുന്ന ദുഷ്‌പ്രചരണങ്ങളെ കുറിച്ച് തന്റെ അണികള്‍ ജാഗരൂഗരാകണം എന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് മായാവതി പറഞ്ഞു.
ചിരവൈരികളായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സമാജ്‌വാദി പാര്‍ട്ടിയും സഖ്യം ചേര്‍ന്നപ്പോള്‍ ഗോരഖ്പൂരിലും ഫുല്‍പൂരിലും നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കടുത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇതിനുപിന്നാലെയാണ് 2019ലെ തിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ ആവുന്നതിനെകുറിച്ച് ചര്‍ച്ചകള്‍ സജീവമാകുന്നത്.
Read More : എസ്‌പിയും ബിഎസ്‌പിയും ഒന്നിച്ചാല്‍ യുപിയില്‍ ബിജെപിക്ക് നഷ്ടപ്പെടുക 50 ലോക്‌സഭാ സീറ്റുകള്‍
പൊതുതിരഞ്ഞെടുപ്പില്‍ സഖ്യകക്ഷികള്‍ ആകുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഇരുകക്ഷികളും ഏറെ ദൂരം മുന്നോട്ടുപോയി എന്നാണ് ബഹുജന്‍ സമാജ്‌വാദി പാര്ട്ടിയുമായ് ബന്ധപ്പെട്ട വൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സിനോട് പറഞ്ഞത്. “തിന്മ നിറഞ്ഞതും ക്രൂരന്മാരുമായ മോദി സര്‍ക്കാരിനെ” അധികാരത്തില്‍ നിന്നും അകറ്റുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് പറഞ്ഞ മായാവതി ദലിതരെ പാര്‍ട്ടിയുമായ് അടുപ്പിക്കാനുള്ള ബിജെപിയുടെ സമീപകാല ശ്രമത്തെയും കടന്നാക്രമിച്ചു.
സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള നീണ്ട ഇരുപത്തിമൂന്ന് വര്‍ഷത്തെ ശത്രുതയാണ് അയഞ്ഞിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മായാവതിക്ക് നന്ദി അറിയിച്ചിരുന്നു.