നാഗ്‌പൂർ: വരുന്ന നിയമസഭ-ലോക്സഭ തിരഞ്ഞെടുപ്പുകൾ ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ ബിജെപിയെ വെല്ലുവിളിച്ച് ബിഎസ്‌പി നേതാവ് മായാവതി. ഉത്തർപ്രദേശിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് മായാവതിയുടെ വെല്ലുവിളി.

“സത്യസന്ധവും സുതാര്യവുമാണ് തങ്ങളുടെ പ്രവർത്തനമെന്ന് ഉറപ്പുണ്ടെങ്കിൽ രാജ്യത്ത് ഇനി വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളും ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ ബിജെപി തയ്യാറാകണം”, മായാവതി പറഞ്ഞു.

ഉത്തർപ്രദേശിൽ ബിഎസ്‌പി കനത്ത തിരിച്ചടി ഏറ്റുവാങ്ങിയത് ബിജെപി വോട്ടിംഗ് മെഷീനിൽ കൃത്രിമം കാട്ടിയത് കൊണ്ടാണെന്ന് മായാവതി ആരോപിച്ചു.

ദളിതരും ആദിവാസികളും ഒബിസികളും പിന്നാക്ക വിഭാഗക്കാരും ബിജെപിയുടെ ജാതീയവും വർഗ്ഗീയവുമായ വേർതിരിവിന്റെ ഇരകളാണെന്ന് മായാവതി ആരോപിച്ചു. ഇത്തരം നീച പ്രവൃത്തികൾ കൊണ്ടാണ് ബാബാ സാഹേബ് അംബേദ്കറിനും അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് അനുയായികൾക്കും ബുദ്ധിസത്തെ അനുകൂലിക്കേണ്ടി വന്നത്. അവരാരും ഹിന്ദുത്വത്തിന് എതിരായിരുന്നില്ലെന്നും അതേസമയം ജാതി വേർതിരിവുകൾ ശക്തമാണെന്നും മായാവതി പറഞ്ഞു.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് രാമക്ഷേത്രം പണികഴിപ്പിച്ച് തങ്ങളുടെ ഭരണ പരാജയം മറയ്ക്കാൻ ബിജെപി ശ്രമിക്കുമെന്ന് മായാവതി അണികൾക്ക് മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് തയ്യാറാകാനും ആവശ്യമെങ്കിൽ ബുദ്ധമതം സ്വീകരിക്കണമെന്നും മായാവതി ബിഎസ്‌പി പ്രവർത്തകരോട് ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ