ലക്നൗ: ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും വിജയിക്കുകയാണ് ലക്ഷ്യമെന്ന് ബി.എസ്.പി. അധ്യക്ഷ മായാവതി. വ്യക്തിഗത വിജയത്തേക്കാള്‍ പാര്‍ട്ടിയുടെയും സഖ്യത്തിന്റെയും വിജയത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്ന് പറഞ്ഞ മായാവതി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. പാര്‍ട്ടിക്കും സഖ്യത്തിനുമാണ് പ്രാധാന്യം. ബിജെപിയെ പുറത്താക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് ഉത്തര്‍പ്രദേശിലെ എല്ലാ സീറ്റുകളിലും മികച്ച വിജയം നേടുകയാണ് തന്റെ ലക്ഷ്യമെന്നും മായാവതി പറഞ്ഞു.
തനിക്ക് എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കാന്‍ സാധിക്കുമെന്നും 2017 ല്‍ രാജ്യസഭാംഗത്വം രാജിവച്ചത് പാര്‍ട്ടിക്ക് പ്രധാന്യം നല്‍കാനാണെന്നും മായാവതി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ എസ്.പി. – ബി.എസ്.പി. – ആര്.എല്‍.ഡി. സഖ്യമാണ് തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. മായാവതിയുടെ നേതൃത്വത്തിലായിരുന്നു സഖ്യ രൂപീകരണം. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തിയാണ് സഖ്യത്തിന് രൂപം നല്‍കിയത്.
ബിജ്നോറില് നിന്ന് 1989 ലാണ് മായാവതി ആദ്യമായി ലോക്സഭയിലെത്തുന്നത്. പിന്നീട് 1998, 1999, 2004 വര്‍ഷങ്ങളിലും മായാവതി ലോക്സഭയിലെത്തി. രണ്ട് തവണ രാജ്യസഭയില്‍ അംഗമായിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി രണ്ട് ടേം ഭരിച്ചിട്ടുള്ള വനിതാ നേതാവ് കൂടിയാണ് മായാവതി. അഞ്ച് ഘട്ടങ്ങളായാണ് ഇത്തവണ ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 18 നാണ് ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ്.