ന്യൂഡല്‍ഹി : എന്‍ഐഏക്ക് കൂടുതല്‍ തെളിവ് ലഭിക്കുകയാണ് എങ്കില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്ന നടപടികള്‍ അടക്കം കടുത്ത നടപടികള്‍ സ്വീകരിച്ചേക്കും എന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഭീകരവാദ വിരുദ്ധ നിയമവും യുഎപിഎയും ഉപയോഗിച്ചുകൊണ്ട് സംഘടനകളെ നിരോധിക്കാനുള്ള സാധ്യത മുന്നോട്ടുവെച്ചായിരുന്നു ബിജെപി മന്ത്രിയുടെ താക്കീത്.

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കുറിച്ചുള്ള എന്‍ഐഎയുടെ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. ഭീകരവാദ ക്യാമ്പുകളും ബോംബ്‌ നിര്‍മാണവുമടക്കം പലതരം ഭീകര പ്രവര്‍ത്തനങ്ങളിലും പോപ്പുലര്‍ ഫ്രണ്ട് ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയുടെ പക്ഷം. യുഎപിഎ പ്രകാരം സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താവുന്ന സാഹചര്യങ്ങള്‍ ആണിത്.

കേരളത്തിലെ യുവാക്കളെ തീവ്രവത്കരിക്കുന്നതില്‍ പോപ്പുലര്‍ ഫ്രണ്ടിനു പങ്കുണ്ടെന്നും ഭീകരവാദ പ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ് എന്നും ബിജെപി ബുധനാഴ്ച്ച് ആരോപിച്ചിരുന്നു. ഭീകരവാദം സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു എന്നും ബിജെപിയുടെ കേന്ദ്രമന്ത്രി ആരോപിച്ചു. ” ദേശസുരക്ഷയെയടക്കം ബാധിക്കുന്ന തീവ്രവാദത്തേയും ഭീകരവത്കരണത്തേയും വെറും വോട്ടുബാങ്ക് രാഷ്ട്രീയത്തിനായി അഴിച്ചുവിടുകയാണ്.” രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഇന്ത്യാ ടുഡേ ചാനലിന്‍റെ സ്റ്റിങ്ങ് ഓപറേഷന്‍ റിപ്പോര്‍ട്ട്‌ പരാമര്‍ശിച്ച കേന്ദ്രമന്ത്രി. കേരളത്തില്‍ നിന്നുമുള്ള സംഘടന ഇപ്പോള്‍ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണി ആയിരിക്കുകയാണ് എന്നും പറഞ്ഞു. ചാനലിന്‍റെ സ്റ്റിങ് ഓപറേഷനില്‍ കുടുങ്ങിയ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹി ഇന്ത്യയില്‍ ഇസ്ലാമിക സ്റ്റേറ്റ് കൊണ്ടുവരികയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന് പറഞ്ഞതായും കേന്ദ്രമന്ത്രി പറഞ്ഞു. ” ഇത്തരം ഭീകരവാദ സംഘടനകള്‍ വിദേശ ഫണ്ടും കൈപ്പറ്റിക്കൊണ്ട് ഭാരതത്തില്‍ ഇസ്ലാമിക സ്റ്റേറ്റ് കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. ചെറുപ്പക്കാരെയൊക്കെ തീവ്രവത്കരിക്കുകയാണവര്‍. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രധാന വിഷയമാണിത്.” രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.

” എനിക്ക് ഇപ്പോള്‍ അതിനെ കുറിച്ച് ഒന്നും തന്നെ പറയാന്‍ സാധിക്കില്ല. അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ വരികയാണ് എങ്കില്‍ യുഎപിഎ പോലുള്ള നിയമങ്ങള്‍ പ്രയോഗിക്കുക എന്നത് സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ” പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനു കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ ലക്ഷ്യംവെച്ചായിരുന്നു ബിജെപി നേതാവിന്‍റെ മറ്റൊരു വിമര്‍ശനം. സിപിഎം “ശുദ്ധ വോട്ട് ബാങ്ക്” രാഷ്ട്രീയമാണ് കളിക്കുന്നത് എന്ന് പറഞ്ഞ രവിശങ്കര്‍ പ്രസാദ് അവര്‍ രാജ്യ സുരക്ഷയില്‍ “വീഴ്ച്ച” വരുത്തുകയാണ് എന്നും ആരോപിച്ചു. ” നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്താനാണ്. പൗരന്‍റെ സുരക്ഷ നിങ്ങളുടെ പ്രാഥമികമായ ഉത്തരവാദിത്തമാണ്. പോപ്പുലര്‍ ഫ്രണ്ട് കാരണം കേരളത്തിലെ സാധാരണക്കാരുടെ ജീവന്‍ അപകടത്തിലാണ് എങ്കില്‍ നിങ്ങള്‍ രാഷ്ട്രീയം നിര്‍ത്തിപോകണം ” ബിജെപിയുടെ കേന്ദ്രമന്ത്രി പറഞ്ഞു.

ബിജെപി കേരളത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള ‘ജിഹാദി- ചുവപ്പ് ഭീകരത’ എന്ന രാഷ്ട്രീയത്തിന്‍റെ ഭാഗമായാണ് കേന്ദ്രമന്ത്രിയുടെ അഭിപ്രായത്തെ കണക്കാക്കുന്നത്. പത്രസമ്മേളനത്തില്‍ ബിജെപി മുന്‍ സംസ്ഥാന പ്രസിഡണ്ടും മുതിര്‍ന്ന നേതാവുമായ പികെ കൃഷ്ണദാസും സന്നിഹിതനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ