സൗത്ത് കരോലിന: നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വലിയ മനുഷ്യനാണെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

തെക്കുകിഴക്കൻ യുഎസ് സംസ്ഥാനമായ സൗത്ത് കരോലിനയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ട്രംപ്. തന്റെ സമീപ കാല ഇന്ത്യാ സന്ദർശനം ഏറെ ഫലപ്രദമായിരുന്നുവെന്ന് ട്രംപ് പറഞ്ഞു. അഹമ്മദാബാദിലെ മോട്ടേര സ്റ്റേഡിയത്തിൽ ഒരു ലക്ഷത്തിലധികം ആളുകളാണ് തന്നെ കാണാൻ എത്തിയതെന്നും ഇനി ഒരു ആൾക്കൂട്ടവും അത്രമേൽ തന്നെ ആവേശം കൊള്ളിക്കില്ലെന്നും ട്രംപ് പറഞ്ഞു.

Read More: ബിജെപി നേതാവ് കപിൽ മിശ്രയുടെ ‘സമാധാന റാലി’യിലും കൊലവിളി

“ഞാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്കൊപ്പം ഉണ്ടായിരുന്നു. മഹാനായ ഒരു വ്യക്തിയാണ് അദ്ദേഹം. ഇന്ത്യയിലെ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞങ്ങൾക്കിടയിൽ അതിശയകരമായ ഒരു കാര്യമുണ്ട്,” അവിടെ തന്നെ സ്വീകരിക്കാൻ വലിയൊരു ജനക്കൂട്ടം ഉണ്ടായിരുന്നെന്നും ട്രംപ് പറഞ്ഞു.

“ഇന്ത്യയിലേക്ക് പോയശേഷം ഞാൻ ഒരിക്കലും ഒരു ജനക്കൂട്ടത്തെക്കുറിച്ചും ഇത്രമേൽ ആവേശഭരിതനാകില്ല. ആലോചിച്ച് നോക്കൂ, അവർക്ക് 1.5 ബില്യൺ ആളുകളുണ്ട്. നമുക്ക് 350. നമ്മൾ നന്നായി കാര്യങ്ങൾ ചെയ്യുന്നു. ഞാൻ ഈ ജനക്കൂട്ടത്തെ സ്നേഹിക്കുന്നു, ആ ജനക്കൂട്ടത്തെയും ഞാൻ സ്നേഹിക്കുന്നു. നിങ്ങളോട് വലിയ സ്നേഹമുണ്ടെന്ന് ഞാൻ പറയുന്നു… അവർക്ക് വലിയ സ്നേഹമുണ്ട്. അവർക്ക് ഒരു മികച്ച നേതാവുണ്ട്, അവർക്ക് ഈ രാജ്യത്തെ ജനങ്ങളോട് വലിയ സ്നേഹമുണ്ട്. അത് ശരിക്കും ഒരു മൂല്യവത്തായ യാത്രയായിരുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും ഉന്നതതല പ്രതിനിധി സംഘവും ഫെബ്രുവരി 24ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയിരുന്നു. 36 മണിക്കൂർ സന്ദർശനത്തിനിടെ പ്രസിഡന്റ് ട്രംപും പ്രഥമ വനിതയും വിവിധ പരിപാടികളിൽ പങ്കെടുക്കുകയും അഹമ്മദാബാദും ആഗ്രയും ഡൽഹിയും സന്ദശിക്കുകയുമുണ്ടായി.

തിങ്കളാഴ്ച അഹമ്മദാബാദ് വിമാനത്താവളത്തിലെത്തിയ ട്രംപിനെയും മെലാനിയെയും പ്രധാനമന്ത്രി മോദിയെയും സ്വീകരിക്കാൻ നഗരത്തിലെ തെരുവുകളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook