അഗർത്തല: ”നിങ്ങൾ തൊഴിലാളികളാണോ പിന്നെ എന്തിനാണ് തൊഴിലാളി ദിനത്തിൽ അവധിക്കായി മുറവിളി കൂട്ടുന്നത്.” മെയ് ദിനം പൊതു അവധിയിൽ നിന്ന് ഒഴിവാക്കിയ ത്രിപുര സർക്കാരിന്റെ നടപടിയെകുറിച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ വാക്കുകളാണിവ.
“നിങ്ങൾ തൊഴിലാളികളാണോ, അല്ല . ഞാൻ തൊഴിലാളിയാണോ, അല്ല. ഞാൻ മുഖ്യമന്ത്രിയാണ്. പിന്നെ എന്തിനാണ് മെയ് ദിനത്തിൽ അവധി നൽകണമെന്ന് മുറവിളി കൂട്ടുന്നത്” ത്രിപുര ഗസറ്റഡ് ഓഫിസേഴ്സ് സംഘിന്റെ ചടങ്ങിൽ പങ്കെടുക്കവേ ബിപ്ലബ് ദേവ് ഉദ്യോഗസ്ഥരോട് ചോദിച്ചg. ത്രിപുര ഭരിക്കുന്ന ബിജെപി -ഐപിഎഫ്‌ടി സർക്കാർ മെയ് ദിനം പൊതു അവധിയുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മാത്രമാണ് മെയ് ദിനത്തിൽ അവധി നൽകുന്നത്. എന്തിനാണ് മെയ് ദിനത്തിൽ പൊതു അവധി നൽകുന്നത്. മുമ്പുണ്ടായിരുന്ന ഇടത് സർക്കാർ മെയ് ദിനത്തിൽ സംസ്ഥാന വ്യാപകമായി അവധി നൽകിയിരുന്നു. എന്തിനാണ് സർക്കാർ ജീവനക്കാർക്ക് മെയ് ദിനത്തിൽ അവധി നൽകുന്നതെന്നും ബിപ്ലബ് ദേബ് ചോദിച്ചു.
1978ൽ ത്രിപുരയിലെ ആദ്യ ഇടത് സർക്കാരായ നൃപൻ ചകർവർത്തിയുടെ സർക്കാരാണ് മെയ് ദിനം പൊതു അവധിയായി പ്രഖ്യാപിച്ചത്. 11 ഉത്സവങ്ങളോടൊപ്പം മെയ് ദിനം നിയന്ത്രിത അവധിയായിരിക്കുമെന്ന് അണ്ടർ സെക്രട്ടറി എസ്.കെ.ദേബർമ്മ ശനിയാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനെ തുടന്ന് സർക്കാർ ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുക്കാവുന്ന നാല് അവധികളാണ് വർഷത്തിൽ ലഭിക്കുന്നത്.
മെയ് ദിനത്തിൽ തൊഴിലാളികൾക്കാണ് അവധി നൽകേണ്ടത്. അതിനാൽ തന്നെ തൊഴിലാളികൾക്ക് അവധി നൽകി കൊണ്ട് തൊഴിലാളികളോടും വ്യാവസായിക മേഖലയിലുള്ളവരോടും നീതി കാണിക്കുകയാണ് സർക്കാർ ചെയ്തതെന്നും ബിപ്ലബ് ദേബ് പറഞ്ഞു.
മെയ് ദിനത്തിൽ തൊഴിലാളികൾക്കാണ് അവധി നൽകിയിരിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് മെയ് ദിനത്തിൽ നിയന്ത്രിത അവധിയാണ് നൽകിയിരിക്കുന്നത്.