May Day Special: ന്യൂഡൽഹി: റഷ്യയില്‍ നടന്ന ഒക്ടോബര്‍ വിപ്ലവമാണ് ഇന്ത്യയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ അഗ്നി ആളികത്തിച്ചത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ ഗാന്ധിയന്‍ ആശയത്തെ കുറിച്ചും റാഡിക്കല്‍ കമ്യൂണിസത്തെ കുറിച്ചും ഇന്ത്യയില്‍ ചര്‍ച്ചകളുണ്ടായി. ഈ കാലഘട്ടത്തിലാണ് തീവ്ര ദേശീയവാദിയായിരുന്നു ബംഗാളിലെ മനബേന്ദ്ര നാഥ് റോയ് ആഗോള കമ്യൂണിസം എന്ന ആശയത്തിന് രൂപം നല്‍കുന്നത്.
Read More: Labour Day 2019: അധ്വാനത്തിന്റെ ചുവപ്പില്‍ തെളിയുന്ന മേയ് ദിനം
വളരെ ചെറുപ്പത്തില്‍ തന്നെ രാഷ്ട്രീയ ജീവിതം ആരംഭിച്ച റോയ് 1905 ലെ ബംഗാള്‍ വിഭജനത്തെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് (1915) ബ്രിട്ടീഷുകാരെ പ്രതിരോധിക്കണമെങ്കില്‍ ജര്‍മനിയുടെ സഹായത്തോടെ മാത്രമേ സാധ്യമാകൂ എന്നു വിശ്വസിച്ചവരില്‍ ഒരാളാണ് എം.എന്‍.റോയ്. ഈ കാലഘട്ടത്തിലാണ് എം.എന്‍.റോയ് ഇന്ത്യ വിടുന്നത്. യുദ്ധകാലത്ത് സാമ്പത്തിക സഹായം ലഭിക്കാന്‍ പണപ്പിരിവ് നടത്തിയ എം.എന്‍.റോയ് പിന്നീട് ലോകത്തിലെ കമ്യൂണിസ്റ്റ് പോരാട്ടങ്ങള്‍ക്ക് നായകത്വം വഹിച്ചു.
1915 ല്‍ ഇന്ത്യ വിട്ട എം.എന്‍.റോയിയുടെ ലക്ഷ്യത്തില്‍ മെക്‌സിക്കോ ഉണ്ടായിരുന്നില്ല. ഇന്തോനേഷ്യയിലെ ജാവ ഐലാന്‍ഡായിരുന്നു ലക്ഷ്യ സ്ഥാനം. എന്നാല്‍, അദ്ദേഹത്തിന്റെ യാത്ര എത്തിച്ചേര്‍ന്നത് ചൈനയിലും ജപ്പാനിലും അമേരിക്കയിലെ രണ്ട് തീരങ്ങളിലുമായിരുന്നു. 1917 ല്‍ അമേരിക്ക ജര്‍മ്മനിയുമായി യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ നിരവധി ഇന്ത്യക്കാര്‍ ഇന്‍ഡോ – ജര്‍മ്മന്‍ ഗൂഢാലോചനയുടെ നിഴലിലായി. ഈ സാഹചര്യത്തിലാണ് എം.എന്‍.റോയ് മെക്‌സിക്കോയിലേക്ക് രക്ഷപ്പെടുന്നത്. വിപ്ലവ ഭൂമികയായാണ് മെക്‌സിക്കോയെ എം.എന്‍.റോയ് കണ്ടത്. വിവിധ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഇടപെട്ടു. ഇന്ത്യയില്‍ മാത്രം ഒതുങ്ങികൊണ്ടല്ല, മറിച്ച് ലോകം മുഴുവന്‍ വിപ്ലവത്തിന്റെ ആവശ്യകത വ്യക്തമാക്കാനാണ് താന്‍ ആഗ്രഹിച്ചതെന്ന് എം.എന്‍.റോയ് എഴുതിയിട്ടുണ്ട്.
ജര്‍മന്‍ നയതന്ത്രജ്ഞരുടെ സഹായത്തോടെ ഇന്ത്യയില്‍ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ നടത്താനും റോയ് ശ്രമിച്ചിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തെ നിശിതമായി വിമര്‍ശിച്ച് എം.എന്‍.റോയ് പുസ്തകമെഴുതി. മെക്‌സിക്കോയിലെ വായനക്കാരെ ലക്ഷ്യം വച്ചായിരുന്നു അത്.
1917 ലെ ബോള്‍ഷെവിക് വിപ്ലവത്തില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് പിന്നീട് മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രൂപം നല്‍കുന്നത്. 1917 നവംബറില്‍ അമേരിക്കന്‍ ഇടത് ചിന്തകര്‍ക്കും മെക്‌സിക്കോയിലെ ദേശീയവാദികള്‍ക്കൊപ്പവും ചേര്‍ന്നാണ് മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എം.എന്‍.റോയ് ആരംഭം കുറിച്ചത്. അന്താരാഷ്ട്ര കമ്യൂണിസ്റ്റ് വക്താവ് മിഖായേല്‍ ബൊറോഡിന്‍ പാര്‍ട്ടി രൂപീകരണത്തില്‍ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ പിന്തുണയോടെയാണ് എം.എന്‍.റോയ് പാര്‍ട്ടിയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായത്. രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നെങ്കിലും സൗഹൃദം സൂക്ഷിച്ചിരുന്നതായി റോയ് തന്നെ പറഞ്ഞിട്ടുണ്ട്.

മെക്‌സിക്കോയിലെ തൊഴിലാളി മുന്നേറ്റത്തിന് ശക്തി പകര്‍ന്നത് എം.എന്‍.റോയ് സ്ഥാപിച്ച മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് രൂപം നല്‍കിയതോടെ എം.എന്‍.റോയിയുടെ പേരിന് ലോകത്തെങ്ങും ഖ്യാതി ലഭിച്ചു. സോവിയറ്റ് യൂണിയന്‍ തലവന്‍ വ്‌ളാഡിമര്‍ ലെനിന്‍ എം.എന്‍.റോയിയെയും മെക്‌സിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയെയും കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുകയുണ്ടായി.
മെക്‌സിക്കോയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോഴും എം.എന്‍.റോയ് ഇന്ത്യയിലെ കോളനിവത്കരണത്തിനെതിരായ പോരാട്ടങ്ങളിലും ഇടപെട്ടിരുന്നു.
തൊഴിലാളി ദിനം ആചരിക്കുമ്പോള്‍ എം.എന്‍.റോയിയുടെ ജീവിതത്തിന് വലിയ കാലിക പ്രസക്തിയുണ്ട്. മെക്‌സിക്കോയില്‍ എം.എന്‍.റോയിയുടെ സ്മരണ ഇപ്പോഴും ആചരിക്കുന്നുണ്ട്. മെക്‌സിക്കോയിലെ ഒരു നിശാക്ലബിന് റോയിയുടെ നാമമാണ് അവര്‍ നല്‍കിയിരിക്കുന്നത്. ഡറാഡൂണില്‍ വച്ച് 1954 ജനുവരിയിലാണ് എം.എന്‍.റോയ് വിടവാങ്ങിയത്.