ന്യൂഡല്‍ഹി: ആശുപത്രിയുടെ അനാസ്ഥയെ തുടര്‍ന്ന് ഇരട്ടക്കുഞ്ഞുങ്ങളെ നഷ്ടമായ ദമ്പതിമാര്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 1നാണ് ഷാലിമാര്‍ ബാഗിലുളള മാക്സ് ആശുപത്രിയില്‍ വച്ച് ഇരട്ടകളായ ആണ്‍കുഞ്ഞിനേയും പെണ്‍കുഞ്ഞിനേയും ആശിഷ് കുമാറിനും വര്‍ഷയ്ക്കും നഷ്ടമായത്. പെണ്‍കുഞ്ഞ് ജനിക്കുന്നതിന് മുമ്പേ മരിച്ചെന്നും ആണ്‍കുഞ്ഞ് ജനിച്ചയുടനെ മരിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
എന്നാല്‍ ആശുപത്രി അധികൃതര്‍ പ്ലാസ്റ്റിക് കവറില്‍ നല്‍കിയ കുട്ടി ഒരാഴ്ചയ്ക്ക് ഇപ്പുറമാണ് മരിച്ചത്.

ശവസംസ്‌കാരത്തിനിടെയാണ് ആണ്‍കുട്ടിക്ക് ജീവന്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് കുട്ടിയെ പിതാംപുരയിലെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞപ്പോള്‍ അലര്‍ജി ഉണ്ടായതാണ് മരണകാരണമെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഇതിന് പിന്നാലെ മാക്സ് ആശുപത്രിയുടെ ലൈസന്‍സ് ഡല്‍ഹി സര്‍ക്കാര്‍ റദ്ദാക്കി. പ്രസവത്തിനിടെ കുട്ടി മരിച്ചുവെന്നു തെറ്റായി വിധി എഴുതിയത് പിഴവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. മരിച്ചുവെന്ന് റിപ്പോര്‍ട്ട് നല്‍കി നവജാത ശിശുവിനെ ബന്ധുക്കളെ ഏല്‍പ്പിച്ച സംഭവത്തില്‍ കുറ്റകരമായ അനാസ്ഥ സംഭവിച്ചതായി സര്‍ക്കാര്‍ നിയമിച്ച മൂന്നംഗ സമിതി കണ്ടെത്തി. തുടര്‍ന്ന് രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.

‘ഇതാണ് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം. ജനിക്കാതെ പോയ എന്റെ കുട്ടിയെ ഞാനെന്നും സ്വപ്നത്തില്‍ കാണാറുണ്ട്. ഇനി എനിക്ക് സമാധാനത്തോടെ ഉറങ്ങാനാവും. ദൈവം ഞങ്ങള്‍ക്ക് വിലപ്പെട്ട സമ്മാനമാണ് നല്‍കിയത്,’ ആശിഷ് പറഞ്ഞു.

‘ഞങ്ങളുടെ കുട്ടികളെ നഷ്ടമായതിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. ഞങ്ങളുടെ കുട്ടിക്കു വേണ്ടിയാണ് ഇനി ഞങ്ങളുടെ ജീവിതം. ആരോഗ്യമുളള കുട്ടിക്ക് വേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. കഴിഞ്ഞ മാസങ്ങള്‍ ഏറെ മാനസിക ക്ലേശം നിറഞ്ഞതായിരുന്നു. ഞങ്ങളുടെ കഴിഞ്ഞ കാര്യങ്ങള്‍ അറിയാവുന്ന ആളായിരുന്നു ഡോക്ടര്‍. അവരെ വിശ്വസിച്ചാണ് ഞാന്‍ ഡെലിവറിക്ക് തയ്യാറായത്,’ വര്‍ഷ പറഞ്ഞു.

മക്കളുടെ മരണത്തിന് കാരണക്കാരായ ഡോക്ടര്‍മാര്‍ ശിക്ഷിക്കപ്പെടുന്നത് വരെ പോരാടുമെന്ന് ആശിഷ് പറഞ്ഞു. നാളെയാണ് കേസില്‍ കോടതി വാദം കേള്‍ക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook