പോര്‍ട്ട്‌ ലൂയി: ആതുരസേവനത്തിനായ് ഉപയോഗിക്കേണ്ട പണം ഷോപ്പിങ്ങിനുപയോഗിച്ചു എന്ന വിവാദത്തിന്‍റെ പേരില്‍ മൗറിഷ്യസിന്റെ ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനമൊഴിയുന്നു.

ഒരു അന്താരാഷ്ട്ര എന്‍ജിഒ നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങാന്‍ ഉപയോഗിച്ചു എന്ന വിവാദത്തിലാണ് പ്രസിഡന്റ് അമീനാ ഗുരിബ് ഫകിം രാജിവെക്കുന്നത്. മാര്‍ച്ച് 12ന് നടക്കുന്ന റാറ്റ്=ജയത്തിന്‍റെ അമ്പതാം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് ശേഷമാകും രാജി എന്ന് പ്രധാനമന്ത്രി പ്രവീണ്‍ ജുഗ്നാഥ് അറിയിച്ചു.

അഴിമതിയുടെ പേരില്‍ ഉന്നതസ്ഥാനീയര്‍ രാജിവെക്കുന്നത് പതിവായിരിക്കുന്ന രാജ്യത്ത് ആ നിരയില്‍ അവസാനത്തെ ആളാണ്‌ അമീന. ഉപമുഖ്യമന്ത്രിയായിരുന്ന രവി യെരിഗാഡുവും അറ്റോണി ജനറല്‍ ഷൗക്കത്തലി സൂധുനും കഴിഞ്ഞ വര്‍ഷം മറ്റ് ചില വിവാദങ്ങളില്‍ കുടുങ്ങി രാജിവെച്ചവരാണ്.

രസതന്ത്രം പ്രൊഫസര്‍ ആയിരുന്ന അമീനാ ഗുരിബ് ഫകിമിന്റെ സ്ഥാനാരോഹണം ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താന്‍ ഷോപ്പിങ്ങിനുപയോഗിച്ച പണം തിരിച്ച് നിക്ഷേപിച്ചതായ് അറിയിച്ചിരുന്നുവെങ്കിലും വിവാദങ്ങള്‍ കെട്ടടങ്ങാത്തതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ രാജി പ്രഖ്യാപനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ