ന്യൂഡൽഹി: ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറുമാസത്തെ പ്രസവാവധി അനുവദിക്കുന്ന ബിൽ രാജ്യസഭ പാസാക്കി. നിലവിലുള്ള 12 ആഴ്ചയിൽ നിന്നും 26 ആഴ്ചയിലേക്ക് പ്രസവാവധി നീട്ടിക്കൊണ്ടുള്ളതാണ് ബിൽ. നേരത്തെ ബിൽ ലോക്‌സഭ പാസാക്കിയിരുന്നു. 2016-ൽ ഇരുസഭകളും പാസാക്കിയ ബിൽ സാങ്കേതിക കാരങ്ങളാലാണ് വീണ്ടും ചർച്ചക്ക് വച്ചതെന്ന് ഡപ്യൂട്ടി സ്പീക്കർ പി.ജെ.കുര്യൻ നിരീക്ഷിച്ചു. ശബ്ദവോട്ടൊടെയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 1961ലെ പ്രസവാനുകൂല്യ നിയമം ചില ഭേദഗതികള്‍ വരുത്തി കൊണ്ടുള്ള ബില്‍ ആണ് പാസ്സാക്കിയത്.

പത്തോ അതിലേറെയോ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കു നിയമം ബാധകമാകും. ആദ്യ രണ്ടു കുട്ടികളുടെ പ്രസവത്തിനാണ് 26 ആഴ്ച അവധി കിട്ടുക. എന്നാൽ മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനു 12 ആഴ്ചയേ അവധി ലഭിക്കൂ. പ്രസവാവധിക്കുശേഷവും വീട്ടിൽ ഇരുന്നു ജോലി ചെയ്യുവാനുള്ള സൗകര്യവും അമ്പതിൽ കൂടുതൽ തൊഴിലാളികൾ ഉള്ള തൊഴിൽദായകർ ശിശുപരിപാലനത്തിനുള്ള സൗകര്യം നിർബന്ധമാക്കണമെന്നും ബിൽ അനുശാസിക്കുന്നു. മൂന്നു മാസം പ്രായമുളള കുഞ്ഞിനെ ദത്തെടുക്കുന്ന സ്ത്രീകൾക്കും 12 ആഴ്ചത്തെ അവധി നൽകണമെന്നും നിയമത്തിലുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ