നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാരിന്റെ കടുത്ത വിമർശകനായ പ്രകാശ് രാജ് ബി എസ് യഡിയൂരപ്പയുടെ രാജിക്ക് പിന്നാലെ ബി ജെ പിയെ നിശിതമായി വിമർശിച്ച് രംഗത്തു വന്നു.

“കർണാടക കാവിയണിയാൻ പോകുന്നില്ല, വർണശബളമായി തന്നെ തുടരും.” എന്ന് പറഞ്ഞാണ് പ്രകാശ് രാജ് തന്റെ ട്വീറ്റ് ആരംഭിക്കുന്നത്. കളി തുടങ്ങും മുന്നേ അവസാനിച്ചു. ’56’ ന് 55 മണിക്കൂർ പിടിച്ചുനിൽക്കാനായില്ലെന്നത് മറന്നേയ്ക്കൂ. നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് പ്രകാശ് രാജിന്റെ കുറിക്ക് കൊളളുന്ന നർമ്മം. തമാശയ്ക്കപ്പുറം കാലുഷ്യം നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തെ നേരിടാൻ തയ്യാറാകുക. ഇനിയും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും ട്വീറ്റിൽ പ്രകാശ് രാജ് പറയുന്നു.

പ്രകാശ് രാജിന്റെ #justasking എന്ന ക്യാംപെയിന്റെ ഭാഗമായി നേരത്തെയും ബി ജെപിയെയും കേന്ദ്ര സർക്കാരിനെയും അഴിമതിയുടെയും മതഭീകരവാദത്തിന്‍റേയും പേരില്‍ വിമർശച്ചിരുന്നു. കർണാടക നിയമസഭയിൽ മാജിക് നമ്പറായ 112 നേടാനാകാതെ വിശ്വാസ വോട്ട് എടുപ്പിന് മുന്പ് തന്നെ ബി ജെ പി നേതാവ് യെഡിയൂരപ്പ രാജിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രകാശ് രാജിന്റെ ട്വീറ്റ് വന്നത്.

ബി ജെ പിയും വിവിധ വലതുപക്ഷ ഗ്രൂപ്പുകളും രാജ്യത്തൊട്ടാകെ ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് പ്രകാശ് രാജ് നേരത്തെ നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യവും തിരഞ്ഞെടുപ്പുമെല്ലാം ഭീഷണിയിലാണെന്നും നടൻ അഭിപ്രായപ്പെട്ടു. കർണാടക മുഴുവൻ സഞ്ചരിച്ച് കാവി പാർട്ടിക്ക് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം ഈ മാസം ആദ്യം നൽകിയ അഭിമുഖത്തിൽ വ്യക്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ