ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ തിരഞ്ഞെടുപ്പ് റാലിയിൽ ഇന്നലെ നടന്ന സ്ഫോടനത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ്. സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി. 200 ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാൻ അവാമി പാർട്ടിയുടെ ദേശീയ നേതാവും സ്ഥാനാർത്ഥിയുമായിരുന്ന സിറാജ് റെയ്‌സാനി ആക്രമണത്തിൽ കൊല്ലപ്പെട്ടു.

മുത്തഹിദ-മജ്‌ലിസ്-ഐ-അമൽ പാർട്ടി നടത്തിയ മറ്റൊരു റാലിയിലും സ്ഫോടനം ഉണ്ടായി. ഇതിൽ അഞ്ച് പേർ മരിച്ചു. 40 ഓളം പേർക്ക് പരുക്കേറ്റു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മുത്തഹിദ-മജ്‌ലിസ്-ഐ-അമൽ പാർട്ടിയും ബലൂചിസ്ഥാൻ അവാമി പാർട്ടിയും ലയിക്കാൻ തീരുമാനിച്ചതാണ് മേഖലയിൽ അസ്വാഭാവിക സംഭവങ്ങൾക്ക് വഴിതെളിച്ചതെന്ന് കരുതുന്നു. ഇതോടെ തീവ്ര നിലപാടുകാരായ തെഹ്‌രീക് ഇ ഇൻസാഫ് പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നേക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

2014 ൽ പെഷവാറിലെ സൈനിക ആക്രമണത്തിനേക്കാൾ വലിയ ആക്രമണമാണ് ഇന്നലെ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയത്. അന്ന് 132 പേർ മരിക്കുകയും 150 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഇന്നലത്തെ ആക്രമണത്തിൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏറ്റവും ചുരുങ്ങിയത് 16 കിലോഗ്രാം സ്ഫോടകവസ്തുക്കൾ ആക്രമണത്തിനായി ഉപയോഗിച്ചുവെന്നാണ് കരുതപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ