ലണ്ടൻ: കൊറോണ വൈറസിന്റെ വ്യാപനത്തിന് ഇടയാക്കിയത് 5 ജി മൊബൈല്‍ ടവറുകളാണെന്ന വ്യാജപ്രചാരണം വിശ്വസിച്ച് ടവറുകൾക്ക്‌ ജനം തീയിട്ടു. ഇംഗ്ലണ്ടിലാണ് സംഭവം. ശനിയാഴ്ച യുകെയിലെ നിരവധി മൊബൈല്‍ ടവറുകള്‍ ജനക്കൂട്ടം അഗ്നിക്കിരയാക്കി. മൊബൈല്‍ ടവറുകള്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കുന്നു എന്ന വ്യാജ വാര്‍ത്ത ഫേസ്ബുക്ക്, യുട്യൂബ് വഴിയാണ് പ്രചരിച്ചത്.

ടവറുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം അവശ്യ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.
ബെർമിങ്ഹാം, ലിവർപൂൾ, മെല്ലിങ്, മെർസിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് തീയിട്ടത്. ഈ വ്യാജ വാര്‍ത്താ പ്രചാരണം രാജ്യത്തെ അടിയന്തര സേവനങ്ങളെ താറുമാറാക്കുന്ന അപകടസാഹചര്യത്തിനാണ് വഴിവെച്ചതെന്നും ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

“5ജി കഥ ശുദ്ധ അസംബന്ധമാണ്. അത്യന്തം നികൃഷ്ടവും ഗൗരവമേറിയതുമായ വ്യാജവാര്‍ത്തയാണിത്. മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകള്‍ ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അടിയന്തിര സര്‍വീസുകളും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൊബൈല്‍ നെറ്റ്വര്‍ക്ക് സഹായത്തോടെയാണ്,” ഒരു ജനത ആവശ്യസര്‍വീസുകളുടെ സഹായത്തിനായി മൊബൈല്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുമ്പോള്‍ ഇത്തരം സാമൂഹിക വിരുദ്ധ പ്രവൃത്തി ചെയ്യുന്നത് അന്യായമാണെന്നും പോവിസ് കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook