ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മറ്റൊരു പെണ്‍കുട്ടി ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചതിന് പിന്നാലെ സ്വകാര്യ സര്‍വകലാശാലയായ ചണ്ഡിഗഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം. ഇന്നലെ രാത്രി വൈകി ആരംഭിച്ച പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ദൃശ്യങ്ങള്‍ പുറത്തുവിട്ട വിദ്യാര്‍ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീഡിയോകൾ ചോർത്തിയെന്ന് ആരോപിക്കപ്പെടുന്ന വിദ്യാര്‍ഥിനിയെ ഒരാള്‍ ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നുവെന്ന വാദം പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 354 സി, ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 66 ഇ (സ്വകാര്യത ലംഘനത്തിനുള്ള ശിക്ഷ) എന്നിവ പ്രകാരം ഖരാർ (സദർ) പോലീസ് സ്റ്റേഷനിലാണ് വിദ്യാര്‍ഥിനിക്കെതിരായ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികള്‍ ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്തകള്‍ മൊഹാലി ഡിസി അമിത് തൽവാർ നിഷേധിച്ചു. ചില പെൺകുട്ടികൾ ബോധരഹിതരായതിനാൽ വൈദ്യസഹായം നൽകേണ്ടി വന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവം വളരെ ഗുരുതരവും ലജ്ജാകരവുമാണെന്ന് ആം ആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. ഇരയായ പെണ്‍കുട്ടിക്കൊപ്പമാണ് തങ്ങളെന്നും സമാധനത്തോടെ മുന്നോട്ട് പോകണമെന്നും കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു.
വീഡിയോകൾ ചോർത്തിയെന്നാരോപിക്കപ്പെടുന്ന വിദ്യാര്‍ഥിനി, അവ പുറത്ത് വിടാതിരിക്കാന്‍ മറ്റുള്ളവരിൽ നിന്ന് പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർഥികൾ പ്രതിഷേധം ആരംഭിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ സുഹൃത്തിന് അയച്ചതായി അറസ്റ്റിലായ വിദ്യാര്‍ഥിനി സമ്മതിച്ചതായും മറ്റ് പെൺകുട്ടികളുടെ ചിത്രങ്ങളും അയച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മൊഹാലി എസ്എസ്പി വിവേക് ഷീൽ സോണി ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“മറ്റ് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ല. പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഉപകരണങ്ങളെല്ലാം കണ്ടുകെട്ടി,” സോണി വാര്‍ത്താസമ്മേളനത്തില്‍ പിന്നീട് അറിയിച്ചു.
വിഷയം സൂക്ഷ്മമായി പരിശോധിക്കുമെന്ന് പഞ്ചാബ് വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ മനീഷ ഗുലാത്തി പറഞ്ഞു. വാർഡനെയും ചോദ്യം ചെയ്യുമെന്നും അവർ ആവശ്യപ്പെട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയ ഗുലാത്തി, ഹോസ്റ്റലുകൾ പരിശോധിക്കുമെന്നും അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള എല്ലാ സർവകലാശാലകളിലെയും പീഡന പരാതികൾ പരിശോധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.