ന്യൂഡൽഹി: ഡൽഹി അടക്കമുളള ഉത്തരേന്ത്യൻ നഗരങ്ങളെ ഭീതിയിലാഴ്ത്തി ഹിമാലയത്തിൽ അതി തീവ്ര ഭൂകമ്പത്തിന് സാധ്യതയെന്ന് വീണ്ടും മുന്നറിയിപ്പ്. ഇത് മൂന്നാം തവണയാണ് മുന്നറിയിപ്പ് ലഭിക്കുന്നത്.

ഉത്തരാഖണ്ഡ് മുതൽ നേപ്പാളിന്റെ പടിഞ്ഞാറൻ ഭാഗം വരെയുളള മധ്യ ഹിമാലയ മേഖലയിൽ എപ്പോൾ വേണമെങ്കിലും 8.5 തീവ്രതയുളള ഭൂകമ്പം ഉണ്ടാകുമെന്നാണ് ഇന്ത്യയിൽ നിന്നുളള ശാസ്ത്രജ്ഞർ നടത്തിയ പഠനം തെളിയിക്കുന്നത്.

2015 ൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നേപ്പാളിൽ കൊല്ലപ്പെട്ടത് 9000 പേരാണ്. 2001 ൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗുജറാത്തിൽ 13000 പേരുടെ മരണത്തിൽ കലാശിച്ചെന്നാണ് കണക്ക്.

14ാമത്തെയോ 15ാമത്തെയോ നൂറ്റാണ്ടിലാണ് ഹിമാലയത്തിൽ ഇത്രയും തീവ്രതയേറിയ ഭൂചലനം ഉണ്ടായതെന്നാണ് പഠനം നയിച്ച ബെംഗലുരുവിലെ ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ സീസ്മോളജിസ്റ്റ് സിപി രാജേന്ദ്രന്റെ കണ്ടെത്തൽ.

600 കിലോമീറ്റർ ചുറ്റളവിലാണ് അന്നത്തെ ഭൂചലനത്തിന്റെ ആഘാതം ഉണ്ടായത്. അതായത് ഇന്നത്തെ ഡൽഹിയും ലഖ്‌നൗവും വരെ ഭൂകമ്പത്തിന്റെ ആഘാത പരിധിയിൽ പെടും. ഉത്തരാഖണ്ഡിൽ ഈയിടെ പലപ്പോഴായി ചെറു ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

പുതിയ പഠനങ്ങളുടെ കൂടി പശ്ചാത്തലത്തിൽ കൂടുതൽ ഗൗരവത്തോടെയാണ് ഭരണകൂടം ഈ ഭീഷണിയെ നേരിടാനൊരുങ്ങുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ