സിര്‍സ: ബലാൽസംഗ കേസില്‍ ജയിലില്‍ കഴിയുന്ന, ദേര സച്ച സൗദാ തലവനും വിവാദ ആള്‍ദൈവവുമായ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സിര്‍സയിലെ ആസ്ഥാനത്ത് 600 മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതായി വെളിപ്പെടുത്തല്‍. ചോദ്യം ചെയ്യലിനിടെ ആശ്രമത്തിലെ പ്രധാന സഹായിയാണ് ഇതുമായി ബന്ധപ്പെട്ട വിരവങ്ങള്‍ അന്വേഷണ സംഘത്തോട് തുറന്നു പറഞ്ഞതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദേരാ ചെയര്‍പേഴ്സണ്‍ വിപാസനയെയും മുന്‍ വൈസ് പ്രസിഡന്റ് ഡോ. പി.ആര്.നെയിനിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മനുഷ്യ അസ്ഥികൂടങ്ങള്‍ മറവ് ചെയ്തതിനെ സംബന്ധിച്ച് ഇവരും അന്വേഷണ സംഘത്തിന് മുന്നില്‍ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. ഒരു ജര്‍മന്‍ ഉപദേശകന്റെ നിര്‍ദേശപ്രകാരം അസ്ഥികൂടങ്ങള്‍ മറവ് ചെയ്ത സ്ഥലത്ത് വാഴകള്‍ നട്ടിട്ടുണ്ടെന്നും ഡോ.പി.ആര്.നെയിന് വെളിപ്പെടുത്തിയിട്ടുണ്ട്.
നേരത്തേയും ദേരയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ദേരയിലെ ആശുപത്രിയില്‍ അനുവാദമില്ലാതെ അവയവദാന ശസ്ത്രക്രിയ നടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
ഇതിനിടെ ആശ്രമത്തിലേക്ക് നല്കിയ തന്റെ കുട്ടിയെ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി കാണാനില്ലെന്ന് റോത്തക്കിലെ സുനൈറ ജയിലില്‍ ജോലി ചെയ്യുന്ന വനിതാ അനുയായി ആരോപിച്ചു. ആശ്രമത്തിലേക്ക് കുട്ടികളെ സംഭാവന ചെയ്യണമെന്ന ഗുര്‍മീതിന്റെ പരസ്യം കണ്ടായിരുന്നു താന്‍ കുട്ടിയെ ഇവിടേക്ക് സംഭാവന ചെയ്തതെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്.