ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകൻ ഹഫീസ് മുഹമ്മദ് സെയ്ദ്, 1993ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ദാവൂദ് ഇബ്രാഹീം ലഷ്‌കര്‍ നേതാവ് സഖിയുര്‍ റഹ്മാന്‍ ലഖ്‌വി എന്നിവരെ യു.എ.പി.എ നിയമപ്രകാരം കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. ഭീകരവിരുദ്ധ നിയമത്തിലെ പുതിയ ഭേദഗതി അനുസരിച്ച് പ്രഖ്യാപിച്ച ആദ്യ പട്ടികയിലാണ് ഇവരെ ഉൾപ്പെടുത്തിയിരിക്കുന്നത്.

യുഎപിഎ നിയമഭേദഗതി ഓഗസ്റ്റ് ആദ്യവാരം പാർലമെന്റ് പാസാക്കിയിരുന്നു. പുതിയ ഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎയ്ക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി.

Also Read: ആരാണ് മസൂദ് അസ്ഹർ? എങ്ങനെയാണ് ചൈനയുടെ എതിര്‍പ്പ് വഴി മാറുന്നത്?

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍ 2001ൽ നടന്ന കശ്മീർ അസംബ്ലി കോംപ്ലക്സ് ഭീകരാക്രമണത്തിലും അതേവർഷം നടന്ന പാർലമെന്റ് ഭീകരാക്രമണത്തിലും പങ്കാളിയായെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. 2016ൽ പഠാൻകോട്ട് ഭീകരാക്രമണത്തിലും 2017ലെ പുൽവാമ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ മസൂദ് അസ്ഹറായിരുന്നു. 40 സിആർപിഎഫ് ജവാന്മാരാണ് പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. മസൂദ് അസറിനെ ആഗോള ഭീകരവാദിയായി യുഎൻ സുരക്ഷാ സമിതി 2019 മെയ് 1ന് പ്രഖ്യാപിച്ചിരുന്നു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണു ഹാഫിസ് സയീദ്. 2000ൽ ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണത്തിലും ഹഫീസ് സെയ്ദിന് പങ്കാളിയായിരുന്നു. 166 പേരാണ് 2008 നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. 12 ഇടങ്ങളിൽ വെടിവെപ്പും ബോംബ് സ്ഫോടനങ്ങളും നടത്തി നഗരത്തെ അക്ഷരാർത്ഥത്തിൽ മുൾമുനയിൽ നിർത്തിയത് നാല് ദിവസങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook