ന്യൂഡല്‍ഹി: പ്രമുഖ മാര്‍ക്സിയന്‍ സാമ്പത്തിക വിദഗ്‌ധനും പശ്ചിമ ബംഗാള്‍ മുന്‍ ധനമന്ത്രിയുമായിരുന്ന അശോക്‌ മിത്ര (89) അന്തരിച്ചു. കഴിഞ്ഞ ഒരു മാസമായി അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗമാണ് മരണ കാരണം.

ഡാക്കാ സർവകലാശാലയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും ബനാറസ് സർവകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അശോക്‌ മിത്ര 1977 മുതല്‍ 1987 വരെ ജ്യോതി ബസു നയിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ധനകാര്യ മന്ത്രിയായിരുന്നു. രാജ്യസഭാംഗം, കേന്ദ്ര സര്‍ക്കാരില്‍ സാമ്പത്തിക ഉപദേഷ്ടാവ്, വ്യവസായങ്ങള്‍ക്കും വാണിജ്യത്തിനുമുള്ള പാര്‍ലമെന്‍ററി സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷന്‍ തുടങ്ങി ഒട്ടനവധി ഭരണ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

എക്കാലത്തും മാർക്‌സിയൻ സാമ്പത്തിക ശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച അശോക്‌ മിത്ര പിൽക്കാലത്ത് സിപിഎമ്മുമായി അകല്‍ച്ചയിലായിരുന്നു. സിംഗൂര്‍- നന്ദീഗ്രാം വിഷയത്തില്‍ ബുദ്ധദേബ് ഭട്ടാചാര്യ നയിച്ച ഇടതുപക്ഷ സര്‍ക്കാരിനെ അദ്ദേഹം കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്.

സാമ്പത്തിക സാമൂഹ്യ വിഷയങ്ങള്‍ നിരന്തരമായ് എഴുതികൊണ്ടിരുന്ന അശോക്‌ മിത്ര ഒട്ടനവധി പത്രങ്ങളില്‍ കോളമിസ്റ്റ് ആയും പ്രവര്‍ത്തിച്ചു. ബംഗാളി ഭാഷയ്ക്ക് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തിന് സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി ആദരിച്ചു. ഭാര്യ ഗൗരി 2008 മേയില്‍ അന്തരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook