scorecardresearch
Latest News

യൂണിഫോം അവന്റെ അഭിമാനമായിരുന്നു: മേജര്‍ അനുജ് സൂദിനെക്കുറിച്ച് ഭാര്യ ആകൃതി

“യൂണിഫോമിനോട് വല്ലാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. വേണ്ടി വന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുക്കും എന്ന് അറിയാമായിരുന്നു. അനുജിനെക്കുറിച്ച് അഭിമാനമേയുള്ളൂ.”

യൂണിഫോം അവന്റെ അഭിമാനമായിരുന്നു: മേജര്‍ അനുജ് സൂദിനെക്കുറിച്ച് ഭാര്യ ആകൃതി

ശ്രീനഗർ: കശ്മീരിലെ ഹാൻഡ്‌വാരയിൽ തീവ്രവാദികളുമായുള്ള വെടിവയ്പിൽ മരണപ്പെട്ട മേജർ അനുജ് സൂദിനെ അനുസ്മരിച്ച് ഭാര്യ ആകൃതി. 31കാരനായ മേജർ അനുജ് സൂദുമായി ആറു മാസം മുന്‍പാണ് ആകൃതിയുടെ വിവാഹം നടന്നത്. മേയ്‌ മൂന്നിന് അവധിക്ക് വരാനിരിക്കെയാണ് തലേ ദിവസം മേജറിന്റെ മരണം സംഭവിക്കുന്നത്.

തീവ്രവാദികളെ തുരത്താൻ വീടിനുള്ളിൽ കയറിയ അനുജ് ഉൾപ്പെടെ അഞ്ച് പേരുമായി സുരക്ഷാ സേനയ്ക്ക് ബന്ധം നഷ്ടപ്പെട്ടു. തുടര്‍ന്ന്‍ അടുത്ത ദിവസം മൃതദേഹങ്ങൾ കണ്ടെടുക്കുകയും കരസേന മരണം സ്ഥിരീകരിക്കുകയും ചെയ്തു. അനുജിന്റെ മൃതദേഹം അവസാനമായി പഞ്ച്കുളയിലെ വസതിയിലെത്തിച്ച്, ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.

militant gunfight, security forces, Major anuj sood, Kashmir news, Indian express news
Express Photo: Jasbir S Malhi

“ഓപ്പറേഷന് പോകുന്നതിനു മുന്‍പ്, ശനിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹം എനിക്ക് മെസേജ് അയച്ചു. എന്നാൽ നേരം വൈകി, എന്റെ അനവധി സന്ദേശങ്ങള്‍ക്ക് മറുപടി കാണാത്തപ്പോള്‍, എനിക്കെന്തോ പ്രശ്നം തോന്നി. അവസാനമായി ഞാൻ അയച്ച മെസേജ്, ‘എല്ലാം ഓക്കേയാണെന്ന് പ്രതീക്ഷിക്കുന്നു, നിങ്ങൾ എന്തെങ്കിലും കഴിച്ചു കാണുമെന്നും,” ആകൃതി പറഞ്ഞു.

ഇരുവരും തമ്മില്‍ തുടക്കം മുതൽ തന്നെ ഒരു ധാരണയുണ്ടായിരുന്നു. ഓരോ തവണയും അനുജ് ഒരു ഓപ്പറേഷന് പുറപ്പെടുമ്പോൾ, പോകുന്നതിനു മുന്‍പും, തിരികെ എത്തിയതിനു ശേഷവും ആകൃതിക്ക് മെസേജ് അയയ്ക്കണം എന്ന്.

“ഓപ്പറേഷനു പോയാല്‍, കുറഞ്ഞത് 24 മണിക്കൂറെങ്കിലും അദ്ദേഹത്തിന് സന്ദേശം അയയ്ക്കുന്നതിൽ നിന്ന് ഞാൻ വിട്ടുനിൽക്കും. ഓപ്പറേഷന് ഇടയിൽ ഫോൺ റിങ് ചെയ്യുക വഴി അദ്ദേഹത്തിന്റെ ലൊക്കേഷന്‍ പുറത്തു വരാതിരിക്കാന്‍ ആണ് അത്, ”അവർ ഓര്‍ത്തു.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂനെയില്‍ വച്ചാണ് പൊതു സുഹൃത്തുക്കള്‍ വഴി അനുജും ആകൃതിയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

“അന്ന് അദ്ദേഹത്തിന്റെ പോസ്റ്റിങ് പൂനെയിൽ ആയിരുന്നു. വിവാഹത്തിന് ‘യെസ്’ പറയുമ്പോള്‍ എനിക്ക് അറിയാമായിരുന്നു, എക്കാലവും ഇതൊരു ‘ദീര്‍ഘദൂര ബന്ധം’ ആയിരിക്കും എന്ന്.”

മേജര്‍ അനുജും ആകൃതിയും വിവാഹവേളയില്‍

ആകൃതിയുടെ ജന്മനാടായ ധര്‍മശാലയിലെ യോഗില്‍ വച്ച് 2017 സെപ്റ്റംബർ 29നായിരുന്നു അവരുടെ വിവാഹം. പൂനെയിൽ നിന്ന് ഒരു രാജ്യാന്തര വീഡിയോ ഗെയിം കമ്പനിയിൽ എച്ച്ആർ ആയി ജോലി ചെയ്യുകയായിരുന്ന ആകൃതി അടുത്തിടെ ജോലി ഉപേക്ഷിച്ചു. അനുജിന്റെ അടുത്ത പോസ്റ്റിങ്ങിൽ ഒപ്പം ചേരാനായിരുന്നു അത്.

“അനുജ് മേയ് 3 ന് നാട്ടിലേക്ക് മടങ്ങേണ്ടതായിരുന്നു. മേയ് 10 ന് പൂനെയിലേക്ക് ഞങ്ങളുടെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്.”

നവംബറിലാണ് ഇരുവരും അവസാനമായി കണ്ടത്.

“ഡ്യൂട്ടിക്ക് പോയാല്‍ അനുജ് മടങ്ങി വരുന്നതു വരെ ഞാൻ എപ്പോഴും കാത്തിരിക്കും. തിരികെ വന്നാല്‍ സന്ദർശിക്കേണ്ട റസ്റ്ററന്റുകളുടെയും ട്രെക്കിങ്ങിന് പോകേണ്ട സ്ഥലങ്ങളുടെയും പട്ടിക ഞാൻ ഉണ്ടാക്കും,” അവർ പറഞ്ഞു.

അനുജിനു ഇനി ഒരു മടങ്ങി വരവ് ഇല്ലെന്ന അറിവിന്റെ വേദനയിലും തനിക്കു അഭിമാനിക്കാന്‍ ഏറെയുണ്ടെന്ന് ആകൃതി കൂട്ടിച്ചേര്‍ത്തു.

“യൂണിഫോമിനോട് വല്ലാത്ത അഭിനിവേശമായിരുന്നു അദ്ദേഹത്തിന്. വേണ്ടി വന്നാല്‍ രാജ്യത്തിനു വേണ്ടി ജീവന്‍ കൊടുക്കും എന്ന് അറിയാമായിരുന്നു. അനുജിനെക്കുറിച്ച് അഭിമാനമേയുള്ളൂ.”

Read Here: ‘I knew that if the time came, he will sacrifice himself for his country’: Major Anuj Sood’s wife

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Martyr major anuj sood wife akriti recalls his dedication to his service