scorecardresearch
Latest News

ആകാശവിസ്‌മയങ്ങളുടെ ജൂലൈ: ഇന്ന് ചൊവ്വയുടെ ഊഴം, ചുവന്ന ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും

15 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പ്രതിഭാസമാണ് ഇന്ന് രാത്രി കാണാനാവുക

ആകാശവിസ്‌മയങ്ങളുടെ ജൂലൈ: ഇന്ന് ചൊവ്വയുടെ ഊഴം, ചുവന്ന ഗ്രഹം ഭൂമിയുടെ ഏറ്റവും അടുത്തെത്തും

ന്യൂഡൽഹി: മൂന്ന് ആകാശ വിസ്മയങ്ങള്‍ക്ക് അരങ്ങൊരുക്കി ജൂലൈ മാസം അപൂര്‍വത കൈവരിക്കുകയാണ്. അതില്‍ ആദ്യത്തേത് ജൂലൈ 13ന് ഉണ്ടായ ഭാഗികമായ സൂര്യഗ്രഹണം ആയിരുന്നു. 27ന് പൂര്‍ണ ചന്ദ്രഗ്രഹണം. ഇന്ന് രാത്രി പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഏറ്റവും അടുത്തെത്തുകയാണ്. ബ്ലഡ് മൂണ്‍ കാണുന്നത് പോലെ ഇത് അത്ര എളുപ്പം ദൃശ്യമാകില്ലെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 15 വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന പ്രതിഭാസമാണിത്.

ഭൂമിയുടെ എതിര്‍ഭാഗത്ത് ചൊവ്വ വരുമ്പോഴാണ് ഈ പ്രതിഭാസം ഉണ്ടാവുന്നത്. അതായത് ഭൂമിക്ക് അപ്പുറവും ഇപ്പുറവും സ്ഥാനം പിടിക്കുന്നത് ചൊവ്വയും സൂര്യനും. ജൂലൈ 27ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം കണ്ട അതേസമയത്താണ് ഇന്ന് ചൊവ്വയെ ഭൂമിക്ക് ഏറ്റവും അടുത്തായി കാണാനാവുക. 57.6 മില്യണ്‍ കിലോമീറ്റര്‍ അടുത്തു വരും ചൊവ്വ. പതിനഞ്ചു വര്‍ഷത്തിനു ശേഷം ചൊവ്വ ഭൂമിയോട് ഇത്രയും അടുത്തു വരുന്നത് ഇതാദ്യം. 2003ല്‍ ചൊവ്വ 55.7 മില്യണ്‍ കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു.

അറുപതിനായിരം വര്‍ഷത്തിനു ശേഷമാണ് ഭൂമിയോടു ഇത്രയും അടുത്ത് ചൊവ്വ വന്നത്. 2003നു ശേഷം ഏറ്റവും തിളക്കമാര്‍ന്ന് ചൊവ്വയെ ഇന്ന് കാണാം. ഇന്ത്യയുടെ ആകാശം ഇന്ന് തെളിഞ്ഞതാണെങ്കില്‍ ഉദയം വരെ തിളങ്ങുന്ന ചൊവ്വ ദൃശ്യമാവും. ജൂപിറ്ററിനേക്കാള്‍ തിളക്കമേറിയതായിരിക്കും ഈ സമയത്ത് ചൊവ്വ. വീനസ് കഴിഞ്ഞാല്‍ ഏറ്റവും തിളക്കമേറിയതും ചന്ദ്രനായിരിക്കും.

ഓരോ ഗ്രഹങ്ങളും ഭൂമിക്ക് ചുറ്റും പരിക്രമണം നടത്തുന്നുണ്ട്. ഒരു നിശ്ചിത കാലയളവിലാണ് പരിക്രമണം പൂര്‍ത്തിയാവുന്നത്. ഓരോ ഗ്രഹങ്ങളും സൂര്യനെ ചുറ്റുന്ന സമയപരിധി വ്യത്യസ്ഥമാണ്. ഒരു വര്‍ഷം (365.25 ദിവസം) കൊണ്ടാണ് ഭൂമി സൂര്യന് ചുറ്റും വലംവയ്ക്കുന്നത്. അതേസമയം ചൊവ്വ 1.88 വര്‍ഷം (ഏകദേശം 687 ദിവസം) കൊണ്ടാണ് സൂര്യനെ വലം വച്ച് തീരുന്നത്. രണ്ട് ഗ്രഹങ്ങളുടേയും ഭ്രമണപഥം വ്യത്യസ്ഥ ദൂരത്തിലായതിനാല്‍ ഇരുഗ്രഹങ്ങളും ഓരോ രണ്ട് വര്‍ഷത്തിലും അടുത്തെത്തും. 2016ലാണ് ചൊവ്വയും ഭൂമിയും അടുത്തെത്തിയത്. എന്നാല്‍ ഏറ്റവും അടുത്തെത്തിയത് 15 വര്‍ഷം മുമ്പും. അതിനേക്കാളും അടുത്താണ് ഇന്ന് അര്‍ദ്ധരാത്രിയോടെ ഇരു ഗ്രഹങ്ങളും എത്തിക.

ഇനി അടുത്ത കാലത്തൊന്നും ഭൂമിയുടെ ഇത്രയും അടുത്ത് ചൊവ്വ എത്തില്ലെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. 2034നായിരിക്കും ഇനി ഇങ്ങനെയൊരു സമാഗമം ഉണ്ടാവുക. അതേസമയം ചന്ദ്രന്റെ വലിപ്പത്തില്‍ ചൊവ്വയെ കാണാന്‍ സാധിക്കില്ല. ചൊവ്വയേക്കാളും 75 മടങ്ങ് വലിപ്പമേറിയതാണ് ചന്ദ്രന്‍. പക്ഷേ നിലവിലുള്ളതിനേക്കാള്‍ 1.8 മടങ്ങ് അധികം തിളക്കത്തിലായിരിക്കും ചൊവ്വയുണ്ടാവുക. കണ്ണുകൊണ്ട് കാണാമെങ്കിലും ടെലസ്‌കോപ്പ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Mars is the closest its been to earth in 15 years how to watch timings and more