ന്യൂഡൽഹി: ചൊവ്വാ ഗ്രഹത്തിൽ ഖരരൂപത്തിൽ ജലാംശം ഉണ്ടെന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മാര്‍സ് എക്‌സ്പ്രസ് ഓര്‍ബിറ്ററാണ് ചിത്രം പുറത്തുവിട്ടിരിക്കുന്നത്. വൻ ഗർത്തത്തിൽ മഞ്ഞ് മൂടിയ നിലയിലുളള ചിത്രമാണ് ഓർബിറ്റർ പുറത്തുവിട്ടത്.
ചൊവ്വയുടെ ഉത്തര ധ്രുവത്തിലുളള കൊറൊലോവ് ഗർത്തമാണിത്. 81.4 കിലോമീറ്റർ വ്യാസമാണ് ഗർത്തതിന്റെ ഉപരിതലത്തിൽ ഉളളത്. ഒരു കുന്നിന് മുകളിൽ തടാകം പോലെ തോന്നിക്കുന്നതാണ് ഇത്. ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേഷണ ഉപഗ്രഹങ്ങൾക്കും പകർത്താൻ സാധിക്കാതിരുന്ന ചിത്രമാണ് ഓർബിറ്റർ പുറത്തുവിട്ടതെന്നാണ് റിപ്പോർട്ട്.
ഭൂമിക്ക് സമാനമായി ഋതുക്കൾ മാറിവരുന്ന രീതി ചൊവ്വയിലും ഉണ്ട്. കോറൊലോവ് ഗര്‍ത്തം ചൊവ്വയുടെ ഭൂതകാലത്തുണ്ടായ അന്തരീക്ഷ മാറ്റത്തിന്റെയോ ഭൗമപാളികളിലുണ്ടായ മാറ്റത്തിന്റെയോ ഫലമായുണ്ടായതാകും എന്നാണ് നിഗമനം.
കൊറലോവ് ഗര്‍ത്തത്തിന് രണ്ട് കിലോമീറ്ററിലധികം ആഴം ഉണ്ടെന്നാണ് കണക്ക്. ഇതിന് മുകളില്‍ രൂപപ്പെട്ട മഞ്ഞ് പ്രതലത്തിന് 60 കിലോമീറ്റര്‍ വ്യാസവും 1.8 കിലോമീറ്റര്‍ കനവുമുണ്ട്. 2,200 ചതുരശ്ര കിലോമീറ്റര്‍ മഞ്ഞാണ് ഈ ഗര്‍ത്തത്തില്‍ ഉള്ളതെന്നാണ് കരുതുന്നു.
ഡിസംബര്‍ 25ന് ചൊവ്വയുടെ ഭ്രമണ പഥത്തില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കും മാര്‍സ് എക്‌സ്പ്രസ് ഓർബിറ്റർ. ഉപഗ്രഹത്തിന്റെ ഹൈ റസലൂഷന്‍ സ്റ്റീരിയോ ക്യാമറ ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. അതി ശൈത്യമാണ് ഗർത്തത്തിന്റെ മുകളിൽ അനുഭവപ്പെടുന്നത്. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ തന്നെയുള്ള ലൗത്ത് ഗര്‍ത്തവും ഇതിന് സമാനമാണെന്നാണ് വിവരം.