ജയ്പുർ: 12 വർഷങ്ങൾക്ക് മുൻപ് എട്ടാം വയസിൽ വിവാഹിതയായ പെൺകുട്ടി 20-ാം വയസിൽ ഡോക്ടറാകാൻ തയ്യാറെടുക്കുന്നു. സിബിഎസ്‌സിയുടെ നീറ്റ് ടെസ്റ്റ് പാസായതോടെയാണ് രൂപാ യാദവ് എന്ന യുവതിക്ക് ഡോക്ടറാകാൻ അവസരം ഉണ്ടായിരിക്കുന്നത്.

മൂന്നാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ജയ്പുരിലെ ചോമുവിലുള്ള രൂപ യാദവിനെ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയയ്ക്കുന്നത്. ഭര്‍ത്താവിന് 12 വയസ്സ് മാത്രമായിരുന്നു പ്രായം. ഇരുവരുടേതും ബാല വിവാഹമായിരുന്നെങ്കിലും രൂപയുടെ പഠനം തുടരാന്‍ ഭര്‍തൃ വീട്ടുകാര്‍ സമ്മതിച്ചു.

നീറ്റില്‍ 603 മാര്‍ക്കാണ് രൂപക്ക് ലഭിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ രൂപ. മൂന്നാമത്തെ ശ്രമത്തിലാണ് രൂപയ്ക്ക് നീറ്റില്‍ വിജയം നേടാനായത്.

‘ഭര്‍തൃ വീട്ടില്‍ പഠനം തുടര്‍ന്ന എനിക്ക് പത്താംക്ലാസ്സില്‍ 84 % മാര്‍ക്കുണ്ടായിരുന്നു. അയല്‍വാസികളും ബന്ധുക്കളുമെല്ലാം എന്നെ പഠിപ്പിക്കണമെന്ന് ഭര്‍തൃ വീട്ടുകാരോട് അഭ്യര്‍ഥിച്ചു. ഇതാണ് തുടര്‍ പഠനത്തിന് സഹായിച്ചത്’, രൂപ പറയുന്നു. തന്റെ അമ്മാവൻ ഭീമാറാം യാദവിന് ഹൃദയാഘാതം ഉണ്ടാവുകയും ശരിയായ ചികിത്സയുടെ അഭാവം കാരണം മരണം സംഭവിച്ചെന്നും രൂപ പറയുന്നു. അമ്മാവന്റെ മരണമാണ് ഡോക്ടറാകാൻ തന്നെ പ്രേരിപ്പിച്ചതെന്നും രൂപ വെളിപ്പെടുത്തുന്നു.

ഭര്‍തൃ വീട്ടില്‍ നിന്ന് 6 കിമി അകലെയുള്ള സ്‌കൂളില്‍ പോയാണ് രൂപ പ്ലസ്ടു പഠനം പൂര്‍ത്തീകരിച്ചത്. പ്ലസ് വണിന് 81%വും പ്ലസ്ടുവിന് 84%വും നേടി. തുടർന്നാണ് നീറ്റിന് ശ്രമിച്ചത്.

കര്‍ഷകരായ ഭര്‍തൃവീട്ടുകാര്‍ക്ക് പഠനത്തില്‍ തുടര്‍ന്ന് സഹായിക്കാന്‍ പരിമിതികളുള്ളതിനാല്‍ രൂപയ്ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കാനുള്ള ഒരുക്കത്തിലാണ് അവൾ പഠിച്ച കോച്ചിങ് ഇന്‍സ്റ്റിട്ട്യൂട്ടിലെ അധികൃതര്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ