ന്യൂഡൽഹി: പ്രണയിക്കുന്ന സ്ത്രീയെ ആകര്‍ഷിക്കാന്‍ ദുര്‍മന്ത്രവാദം ചെയ്യാനായി മൂങ്ങയെ കൊന്ന ഡല്‍ഹി സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായ കനയ്യ (40) എന്ന ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായത്.
യൂടൂബിലെ ഒരു വീഡിയോ കണ്ടാണ് കനയ്യ ഈ സാഹസത്തിന് മുതിര്‍ന്നത്. താന്ത്രിക ആചാരങ്ങള്‍ പ്രകാരം പക്ഷിയുടെ ജീവന് ബലി കൊടുത്താല്‍ ആഗ്രഹിക്കുന്ന ആളെ ഹിപ്നോട്ടൈസ് ചെയ്യാമെന്ന് വീഡിയോയില്‍ കണ്ടത് പ്രകാരമാണ് ഇയാള്‍ ഇപ്രകാരം ചെയ്തത്.
‘താന്‍ ഒരു പെണ്‍കുട്ടിയെ പ്രണയിക്കുന്നുവെന്നും അവളെ ആകര്‍ഷിക്കാനാണ് ഇത് ചെയ്തതെന്നുമാണ് കനയ്യ പറയുന്നത്. വിവാഹിതനും മൂന്നുകുട്ടികളുടെ പിതാവുമാണ് ഇയാള്‍. ദീപാവലിക്കു ശേഷം ഇയാള്‍ മൂങ്ങയെ ബലികൊടുക്കുന്ന കാര്യം ഇയാളുടെ വീട്ടുകാര്‍ക്കും അറിയാമായിരുന്നു,’ പൊലീസ് ഉദ്യോഗസ്ഥന് പറയുന്നു.
നിരവധി തവണ തല്ലിച്ചതച്ചതിന്റെ മുറിവുകള്‍ വന്നാണ് മൂങ്ങയ്ക്ക് ജീവന് നഷ്ടപ്പെട്ടതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
‘ഇയാള്‍ കത്തി ഉപയോഗിച്ച് ആദ്യം മൂങ്ങയുടെ കാല്‍നഖങ്ങള്‍ പിഴുത് കളഞ്ഞുവെന്നും പിന്നീട് കരളിലും ശ്വാസകോശത്തിലും നിരവധി സൂചികള്‍ കുത്തിയിറക്കിയെന്നും, മൂങ്ങയെ ഒരു മന്ത്രവാദിയായി കണക്കാക്കുകയുമായിരുന്നു,’ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
ഇന്ത്യന്‍ മൃഗക്ഷേമ ബോര്‍ഡില്‍ നിന്നും ലഭിച്ച വിവര പ്രകാരം പൊലീസ് കനയ്യയുടെ വീട്ടില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടിലെ കൂളറില്‍ നിന്നും ചത്തുകിടക്കുന്ന മൂങ്ങയെ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഈ മാസം 11ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ നിന്നും കനയ്യ ഒഴിഞ്ഞുമാറുകയും പരസ്പര ബന്ധമില്ലാത്ത ഉത്തരങ്ങള്‍ നല്‍കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.