ടെഹ്റാൻ: പൊതു ഇടത്ത് പരസ്യമായി വിവാഹ അഭ്യർത്ഥന നടത്തിയതിനെ തുടർന്ന് ഇറാനിയൻ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹ അഭ്യർത്ഥനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് നടപടി. പൊതുജന മധ്യത്തിൽ ഇസ്‌ലാമിക ആചാരങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തതെന്നും ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു.

ഇറാനിയൻ നഗരമായ അറാഖിലെ ഒരു മാളിൽ വച്ചാണ് യുവാവ് വിവാഹ അഭ്യർത്ഥന നടത്തിയത്. ഇതിന്റെ വീഡിയോ കഴിഞ്ഞ വെളളിയാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിവാഹ അഭ്യർത്ഥന യുവതി സ്വീകരിച്ചതും യുവാവ് വിരലിൽ മോതിരം അണിയിക്കുന്നതും വീഡിയോയിൽ കാണാമായിരുന്നു.

”ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ പൊതുവായി കാണുന്ന ഇത്തരം സംഭവങ്ങൾ ഇറാനിൽ രണ്ടു പേർ ചെയ്തത് അംഗീകരിക്കാനാവില്ല. ഇസ്‌ലാം മതപരമായ ആചാരങ്ങൾക്ക് എതിരാണിത്. വീഡിയോയിൽ കാണുന്ന ഇരുവരും നിയമ ലംഘനം നടത്തിയെന്നത് വ്യക്തമാണ്. അതിനാൽ തന്നെ അവരുടെ അറസ്റ്റിൽ വിശദീകരണത്തിന്റെ ആവശ്യമില്ല,” അറാഖിലെ ഡെപ്യൂട്ടി പൊലീസ് ചീഫ് മൊസ്തഫ നറൗസി പറഞ്ഞതായി ഷഹറവന്ദ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, വീഡിയോയിലെ യുവാവും യുവതിയും തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും ടെഹ്റാൻ ബാർ അസോസിയേഷൻ അഡ്വക്കേറ്റ് ഇഷ അമിനി പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ