ഭോപ്പാല്‍: വിവാഹ ചടങ്ങിനിടെ വരന്റേയും വധുവിന്റേയും വീട്ടുകാര്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് വിവാഹം റദ്ദാക്കി. വധുവിന്റെ വസ്ത്രത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹചടങ്ങ് ഒഴിവാക്കുന്നതിലേക്ക് നയിച്ചത്. മധ്യപ്രദേശിലെ രത്ലാമിലാണ് സംഭവം നടന്നത്. വര്‍ഷ സൊനാവ, വല്ലഭ് പഞ്ചോളി എന്നിവരാണ് വിവാഹിതരാവാനിരുന്നത്. നേരത്തേ ഇരു വീട്ടുകാരും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം.

എന്നാല്‍ വിവാഹ ചടങ്ങിനിടെ വരന്റെ വീട്ടുകാരുടെ ഇടപെടലാണ് സംഗതി വഷളാക്കിയത്. വര്‍ഷ ധരിച്ച വസ്ത്രം ശരിയായില്ലെന്ന് വരന്റെ കൂട്ടുകാര്‍ അഭിപ്രായപ്പെടുകയായിരുന്നു. ധരിച്ചിരിക്കുന്ന ഗൗണ്‍ മാറ്റി സാരി ഉടുക്കാനായിരുന്നു ചെറുക്കന്റെ വീട്ടുകാര്‍ നിര്‍ദേശിച്ചത്. കൂടാതെ സാരിത്തലപ്പ് കൊണ്ട് തല മറയ്ക്കണമെന്നും പറഞ്ഞു. എന്നാല്‍ താന്‍ ചെയ്യില്ലെന്ന് വധു വ്യക്തമാക്കിയതോടെ ഇരു വീട്ടുകാരും തമ്മില്‍ വിവാഹവേദിയില്‍ വെച്ച് തര്‍ക്കമായി.

തുടര്‍ന്ന് പരസ്പരം ഏറ്റുമുട്ടിയതോടെ വിവാഹ ചടങ്ങ് അലങ്കോലമായി. ഇരു വീട്ടുകാരും പിന്നീട് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. മൂന്ന് മണിക്കൂറോളം നടന്ന ചര്‍ച്ചയ്ക്ക് അവസാനം വിവാഹം വേണ്ടെന്ന തീരുമാനത്തിലാണ് വധുവിന്റേയും വരന്റേയും വീട്ടുകാര്‍ എത്തിച്ചേര്‍ന്നത്. വരന്‍ സിവില്‍ എഞ്ചിനീയറും വധു സര്‍ക്കാര്‍ ജോലിക്കാരിയും ആണെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook