മുംബൈ: അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ വൻ തകർച്ച ഇന്ത്യൻ വിപണിയ്ക്ക് കനത്ത തിരിച്ചടി നൽകി. ഓഹരി സൂചികകൾ കുത്തനെ താഴേക്ക് പതിച്ചത് 4.92 ലക്ഷം കോടിയുടെ നഷ്ടമാണ് ഇന്ത്യൻ നിക്ഷേപകർക്ക് ഇന്ന് രാവിലെ ആദ്യ മണിക്കൂറുകളിൽ ഉണ്ടാക്കിയത്.
ആറ് വർഷത്തെ ഏറ്റവും ഉയർന്ന തകർച്ചയാണ് അമേരിക്കൻ ഓഹരി സൂചികയായ ഡൗ ജോൺസ് രേഖപ്പെടുത്തിയത്. ഡൗ ജോൺസ് 1100 പോയിന്റ് താഴ്ന്നു. മുംബൈ ഓഹരി സൂചികയായ സെൻസെക്സിൽ ഇതിന്റെ മാറ്റം ഇന്ന് രാവിലെ തന്നെ രേഖപ്പെടുത്തി. 1240.45 പോയിന്റ് താഴ്ന്ന് 33516.71 ലാണ് ഇന്ന് സെൻസെക്സ് പ്രവർത്തനം ആരംഭിച്ചത്.
നിഫ്റ്റിയിലും കുത്തനെയുളള ഇടിവ് രേഖപ്പെടുത്തി. 371 പോയിന്റിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 10295 ലേക്ക് നിഫ്റ്റി കൂപ്പുകുത്തി.
മൂന്ന് ദിവസം കൊണ്ട് പത്ത് ലക്ഷം കോടി രൂപയാണ് ഇന്ത്യൻ നിക്ഷേപകർക്ക് മാത്രം നഷ്ടമായത്. പക്ഷെ ഇന്ന് രാവിലെ മാത്രം അഞ്ച് ലക്ഷം കോടി രൂപയാണ് നിക്ഷേപകർക്ക് പോയത്. പതുക്കെ സൂചിക മുകളിലേക്ക് കയറുന്നുണ്ടെങ്കിലും ആഘാതം എത്രത്തോളം ശക്തമാണെന്ന് വരും മണിക്കൂറുകളിലേ വ്യക്തമാകൂ.
രൂപയുടെ മൂല്യം 23 പൈസ താഴ്ന്നു. ഇതോടെ 64.30 ആയി ഡോളർ-രൂപ വിനിമയ നിരക്ക്. ഇതോടെ റിസർവ് ബാങ്ക് പോളിസി പരിഷ്കരിക്കാൻ അടിയന്തിര യോഗം വിളിച്ചുചേർത്തു.