വാഷിങ്ടൺ: കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ മാപ്പ് ചോദിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. 8.7 കോടി ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും സക്കര്‍ബര്‍ഗ് യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെ ഏറ്റുപറഞ്ഞു.

താനാണു ഫെയ്‌സ്ബുക്ക് തുടങ്ങിയത്. തന്റെ ചുമതലയിലാണ് അതു പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്കു ദോഷകരമായും ഫെയ്‌സ്ബുക്കിനെ ഉപയോഗിക്കാനാകും എന്നതു ഗൗരവമായി എടുത്തില്ല. വ്യാജവാര്‍ത്തകള്‍, തിരഞ്ഞെടുപ്പുകളില്‍ വിദേശശക്തികളുടെ ഇടപെടലുകള്‍, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകള്‍ എന്നിവ തടയുന്നതില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. ഏഴു പേജുള്ള സാക്ഷിപത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

അതേസമയം, ഫെയ്‌സ്ബുക്കിനെ കൂടുതല്‍ സുരക്ഷിതാമാക്കാന്‍ സാധിക്കുമെന്നും അതിന് കുറച്ച് സമയം വേണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
2015ല്‍ തന്നെ കേംബ്രിജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നുവെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. എന്നാല്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞതു വിശ്വസിച്ചുവെന്നും അത് തന്റെ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധി സഭയുടെ ഊര്‍ജ, വാണിജ്യ സമിതിക്കു മുമ്പാകെ ഇതേ വിഷയത്തില്‍ വിശദീകരണവുമായി സക്കര്‍ബര്‍ഗ് ഹാജരാകും.

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നും ഇത് അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ട്രംപ് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയതായിരുന്നു വിവാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook