വാഷിങ്ടണ്‍: യുഎസ് സെനറ്റിന് മുന്നില്‍ വീണ്ടും തെറ്റ് ഏറ്റു പറഞ്ഞ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ്. അതേസമയം കേംബ്രിഡ്ജ് അനലിറ്റിക്ക തന്റെ സ്വകാരവിവരങ്ങളടക്കം ചോര്‍ത്തിയിട്ടുണ്ടെന്നും സക്കര്‍ബര്‍ഗ് അറിയിച്ചു.
കേംബ്രിഡ്ജ് അനലിറ്റിക്ക 87 മില്യണ്‍ ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്നും ഈ പട്ടികയില്‍ താനും ഉള്‍പ്പെടുന്നുണ്ടെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു. അതേസമയം, ഫെയ്സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്ന അംഗത്തിന്റെ വാദത്തെ സക്കര്‍ബര്‍ഗ് എതിര്‍ത്തു.
ഫെയ്സ്ബുക്കില്‍ ആര് എന്ത് പങ്കുവയ്ക്കുവാന്‍ വന്നാലും അപ്പോള്‍ തന്നെ നിയന്ത്രിക്കാനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് ആപ്പിലുണ്ടെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി. രണ്ടു ദിവസത്തിനിടെ രണ്ടാം തവണയാണ് സക്കര്‍ബര്‍ഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകുന്നത്. അഞ്ച് മണിക്കൂര്‍ നേരമാണ് സക്കര്‍ബര്‍ഗിനെ ചോദ്യം ചെയ്തത്.
കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തില്‍ സക്കര്‍ബര്‍ഗ് ഇന്നലെ മാപ്പ് ചോദിച്ചിരുന്നു. 8.7 കോടി ഫെയ്സ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നും സക്കര്‍ബര്‍ഗ് യുഎസ് സെനറ്റ് സമിതിയ്ക്ക് മുമ്പാകെ ഏറ്റുപറഞ്ഞിരുന്നു.
താനാണു ഫെയ്സ്ബുക്ക് തുടങ്ങിയത്. തന്റെ ചുമതലയിലാണ് അതു പ്രവര്‍ത്തിക്കുന്നത്. ഉപയോക്താക്കള്‍ക്കു ദോഷകരമായും ഫെയ്സ്ബുക്കിനെ ഉപയോഗിക്കാനാകും എന്നതു ഗൗരവമായി എടുത്തില്ല. വ്യാജവാര്‍ത്തകള്‍, തിരഞ്ഞെടുപ്പുകളില്‍ വിദേശശക്തികളുടെ ഇടപെടലുകള്‍, വെറുപ്പും വിദ്വേഷവും ഉണ്ടാക്കുന്ന പോസ്റ്റുകള്‍ എന്നിവ തടയുന്നതില്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏഴു പേജുള്ള സാക്ഷിപത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അതേസമയം, ഫെയ്സ്ബുക്കിനെ കൂടുതല്‍ സുരക്ഷിതാമാക്കാന്‍ സാധിക്കുമെന്നും അതിന് കുറച്ച് സമയം വേണമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
2015ല്‍ തന്നെ കേംബ്രിജ് അനലിറ്റിക്ക അനധികൃത വിവരശേഖരണം നടത്തിയെന്ന് അറിഞ്ഞിരുന്നുവെന്നും സക്കര്‍ബര്‍ഗ് വെളിപ്പെടുത്തി. എന്നാല്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ പറഞ്ഞതു വിശ്വസിച്ചുവെന്നും അത് തന്റെ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയ്സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയെന്നും ഇത് അമേരിക്കന്‍ തിരഞ്ഞെടുപ്പിന് ട്രംപ് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ ഉപയോഗിച്ചെന്നുമായിരുന്നു വെളിപ്പെടുത്തല്‍. പിന്നാലെ കേംബ്രിഡ്ജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധമുണ്ടെന്നും തെളിഞ്ഞിരുന്നു. ലോകത്തെ തന്നെ പിടിച്ചു കുലുക്കിയതായിരുന്നു വിവാദം.