വാഷിംഗ്ടണ്‍: കഞ്ചാവ് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് ഉപയോഗിക്കുന്നവര്‍ രക്ത സമ്മര്‍ദ്ധത്തെ തുടര്‍ന്ന് മരിക്കാന്‍ മൂന്ന് മടങ്ങ് സാധ്യതയുളളതായി പഠനങ്ങള്‍. കഞ്ചാവ് വലിക്കും തോറും രക്ത സമ്മര്‍ദ്ധം മൂലം മരിക്കാനുളള സാധ്യത ദിനംപ്രതി വര്‍ദ്ധിക്കുമെന്നും ശാസ്ത്രജ്ഞന്മാര്‍ പറയുന്നു.

അമേരിക്കയില്‍ 1200 പേരില്‍ നടത്തിയ പഠനത്തിലാണ് കണ്ടുപിടിത്തം നടത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കേ അമേരിക്കൻ രാജ്യമായ ഉറുഗ്യേയില്‍ കഞ്ചാവ് വില്‍പന നിയമവിധേയമാക്കിയത് ഈ അടുത്താണ്. അതുപോലെ മറ്റ് ചില രാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കുകയും മറ്റു ചില രാജ്യങ്ങള്‍ ഇതിനുളള തയ്യാറെടുപ്പുകളും തുടങ്ങിയിട്ടുണ്ട്.

ജോര്‍ജ്ജിയ സര്‍വ്വകലാശാലയിലെ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലാണ് പുതിയ പഠനം നടത്തിയത്. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുളളത്. 20നും അതിന് മുകളിലുമുളള 1213 പേരിലാണ് പഠനം നടത്തിയത്. ഏകദേശം 11.5 വര്‍ഷത്തോളമാണ് ഇവര്‍ കഞ്ചാവിന് അടിമയാകുന്നത്. കൃത്യം പറഞ്ഞാല്‍ 3.42 മടങ്ങാണ് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ രക്ത സമ്മര്‍ദ്ദം മൂലം മരിക്കാന്‍ സാധ്യതയുളളത്.

ക്ലബ്ബുകളില്‍ കഞ്ചാവ് ഉപയോഗിക്കാനും പൗരന്മാര്‍ക്ക് സ്വന്തമായി കഞ്ചാവ് വളര്‍ത്താനും ചില രാജ്യങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നുണ്ട്. നേരത്തേ ഇസ്രയേലിലും കഞ്ചാവ് വില്‍പന നിയമവിധേയമാക്കാനുളള ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. എന്നാല്‍ ചില കോണുകളില്‍ നിന്നുളള പ്രതിഷേധത്തെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷയില്‍ ഇളവ് നല്‍കി കൊണ്ട് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു.
കഞ്ചാവ് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്യുകയോ വിചാരണ ചെയ്യുകയോ ചെയ്യുന്നതിന് പകരം പിഴ ഈടാക്കാനായിരുന്നു നിയമം വന്നത്. പിഴയായി ലഭിക്കുന്ന പണം ലഹരിക്കെതിരായ പ്രചരണങ്ങള്‍ക്കും, ചികിത്സാ സംബന്ധമായ സഹായങ്ങള്‍ക്കുമാണ് ഇസ്രയേല്‍ സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

അലാസ്ക, കാലിഫോര്‍ണിയ തുടങ്ങി അമേരിക്കയിലെ 28 സംസ്ഥാനങ്ങളിലും ജര്‍മനി അടക്കമുള്ള യൂറോപ്പിലെ ചില രാജ്യങ്ങളിലും വൈദ്യശാസ്ത്ര ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കുന്നതിന് അനുമതിയുണ്ട്. മൾട്ടിപ്പിൾ സ്ക്ലീറോസിസ് പോലുള്ള ഗുരുതര രോഗങ്ങൾ, നിരന്തരമായ വേദന, ഗുരുതരമായ വിശപ്പില്ലായ്മ, കീമോതെറാപ്പി കാരണമുള്ള തലചുറ്റൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നവർക്കാണ് കഞ്ചാവ് ഡോക്ടർമാർ നിർദ്ദേശിക്കാറുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook