ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ കേന്ദ്രമന്ത്രിയും ഗവര്‍ണറുമായിരുന്ന മാര്‍ഗരറ്റ് ആല്‍വ പ്രതിപക്ഷ സ്ഥാനാര്‍ഥിയാകും.
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്.
17 പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായാണ് മാര്‍ഗരറ്റ് ആല്‍വയുടെ പേര് തിരഞ്ഞെടുത്തതെന്ന് പ്രഖ്യാപന വേളയില്‍ ശരദ് പവാര്‍ വ്യക്തമാക്കി.
അഞ്ച് തവണ പാർലമെന്റ് അംഗമായ ആൽവ കേന്ദ്രത്തിൽ മന്ത്രിയായും ഗോവ ഗവർണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നാലര വരെ നീണ്ടു നിന്നു. രാജ്യ സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ടിആര്‍ ബാലു (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), ഡി രാജ (സിപിഐ), ബിനോയ് വിശ്വം (സിപിഐ), വൈക്കൊ (എംഡിഎംകെ), കേശവ് റാവു (ടിആര്‍എസ്), പ്രൊഫ. രാം ഗോപാല്‍ യാദവ് (എസ് പി), സീതാറാം യെച്ചൂരി (സിപിഎം), ഇടി മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്), അമരേന്ദ്ര ധരി സിങ് (ആര്‍ജെഡി) എന്നീ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.
രാജ്യസഭയില്‍ പ്രതിപക്ഷ നിരയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവ് പോലും യോഗത്തിന്റെ ഭാഗമായില്ല. ആംആദ്മി പാര്‍ട്ടിയും സംയുക്ത യോഗത്തില്‍ നിന്ന് വിട്ടു നിന്നു.
പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി.
ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും ആറിന് തന്നെയാണ്. ജൂലൈ 19 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.