കാഠ്മണ്ഡു: അതിര്‍ത്തി പ്രദേശമായ കാലാപാനിയില്‍നിന്ന് ഇന്ത്യന്‍ സൈന്യത്തെ അടിന്തരമായി പിന്‍വലിക്കണമെന്നു നേപ്പാള്‍. കാലാപാനിയെ ഉള്‍പ്പെടുത്തി ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയ സാഹചര്യത്തിലാണു നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ഒലിയുടെ പ്രതികരണം.

”ഏതെങ്കിലും രാജ്യം നേപ്പാളിന്റെ ഒരിഞ്ച് ഭൂമി കൈയടക്കുന്നതു അനുവദിക്കില്ല. ഇന്ത്യ നിര്‍ബന്ധമായും പിന്തിരിയണം,” കെ.പി. ഒലി പറഞ്ഞു. അതേസമയം, തര്‍ക്കപ്രദേശം ഉള്‍പ്പെടുത്തി നേപ്പാള്‍ പുതിയ ഭൂപടം പുറത്തിറക്കണമെന്ന നിര്‍ദേശം അദ്ദേഹം തള്ളി. ‘നമ്മുടെ ഭൂമിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചശേഷം ഇന്ത്യയുമായി ചര്‍ച്ച തുടരു’മെന്ന് അദ്ദേഹം പറഞ്ഞു.

നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവജന വിഭാഗമായ നേപ്പാള്‍ യുവ സംഗം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കെ.പി. ഒലി. കാലാപാനി വിഷയത്തില്‍ നേപ്പാളില്‍ പ്രതിഷേധം ശക്തമാകവെ ആദ്യമായാണ് അദ്ദേഹം പരസ്യമായി പ്രതികരിക്കുന്നത്. ഇന്ത്യ, നേപ്പാള്‍, ടിബറ്റ് അതിര്‍ത്തിമേഖലയാണു കാലാപാനി.

നേപ്പാളിന്റെ പടിഞ്ഞാറെ അറ്റത്തുള്ള കാലാപാനിയെ ഇന്ത്യ ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരേ നേപ്പാളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ കക്ഷികള്‍ പ്രക്ഷോഭത്തിലുണ്ട്. സംഭവത്തില്‍ പ്രധാനമന്ത്രി മൂന്നു ദിവസം മുന്‍പ് സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. മുന്‍ പ്രധാനമന്ത്രിമാരും മുന്‍ വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത യോഗം, വിഷയം ഇന്ത്യയുമായി ഉടന്‍ ചര്‍ച്ച ചെയ്യാന്‍ കെ.പി. ഒലിയോട് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. എന്നാല്‍ ഇന്ത്യയുടെ പരമാധികാര അതിര്‍ത്തി കൃത്യമായി നിര്‍ണയിക്കുന്നതാണു ഭൂപടമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ജമ്മുകശ്മീരിനെ വിഭജിച്ച് ജമ്മു കശ്മീര്‍, ലഡാക്ക് കേന്ദ്രഭരണ പ്രദേശങ്ങള്‍ നിലവില്‍ സാഹചര്യത്തിലാണ് ഇന്ത്യ പുതിയ ഭൂപടം പുറത്തിറക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook