scorecardresearch
Latest News

മാവോയിസ്റ്റ് കവി ഗദ്ദര്‍ ആത്മീയ രാഷ്ട്രീയത്തിലേക്ക്

സി.പി.ഐ.എം.എല്‍ പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്‍റെ സാംസ്കാരിക സംഘടനയായ ‘ജന നാട്ട്യ മണ്ഡലി’യുടെ സ്ഥാപകനാണ് ഗദ്ദര്‍

മാവോയിസ്റ്റ് കവി ഗദ്ദര്‍ ആത്മീയ രാഷ്ട്രീയത്തിലേക്ക്

ഹൈദരാബാദ്: ജനകീയ ജനാധിപത്യത്തിന്‍റെ വീരഗാഥകളും നാടിനെക്കുറിച്ചുള്ള സ്വപ്നങ്ങളും ഭരണകൂടത്തിന്‍റെ അടിച്ചമര്‍ത്തലുകളും കവിതകളാക്കി നാടന്‍ പാട്ടിന്‍റെ ഈണത്തില്‍ പാടിനടന്ന ഗദ്ദര്‍ എന്ന ജനകീയ-വിപ്ലവ കവി ഇപ്പോള്‍ പുതിയ വേഷത്തിലാണ്. ആത്മീയതയുടെ ലോകത്തിലേക്കാണ് ഗദ്ദര്‍ കടന്നിരിക്കുന്നത്.

സിപിഐഎംഎല്‍ പീപ്പിള്‍ വാര്‍ ഗ്രൂപ്പിന്‍റെ സാംസ്കാരിക സംഘടനയായ ജന നാട്ട്യ മണ്ഡലിയുടെ സ്ഥാപകനായ ഗദ്ധറിനെ തെലങ്കാനയിലെ അമ്പലങ്ങളിലോ മതപരമായ ചടങ്ങുകളിലോ കാണുകയാണ് എങ്കില്‍ ഇനി ഒട്ടും അതിശയിക്കേണ്ടതില്ല.

“തെലങ്കാനയിലെ ജനങ്ങളെ മഴ നല്‍കി അനുഗ്രഹിക്കണമെന്നും അനീതിക്കള്‍ക്ക് എതിരെ പോരാടുന്നതിനു ശക്തി നല്‍കണം എന്നും ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു.” കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഭോങ്കിര്‍ ജില്ലയിലെ ലക്ഷ്‌മിനരസിംഹ സ്വാമീ ക്ഷേത്രത്തിലെ പ്രാര്‍ത്ഥനയക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗദ്ദര്‍.

ജനുവരിയില്‍, പലകുര്‍ത്തി ജില്ലയിലെ പ്രശസ്തമായ സോമനാഥ ക്ഷേത്രം സന്ദര്‍ശിച്ച ഗദ്ദര്‍ “അഭിഷേകം” ആലപ്പിച്ചിരുന്നു. മറ്റൊരു വേദപഠനശാല സന്ദര്‍ശിച്ചപ്പോള്‍ ഗദ്ദര്‍ വിദ്ധ്യാര്‍ഥികളോട് വേദവും ഇംഗ്ലീഷും പഠിച്ച് വിവേകാനന്ദന്‍ ആവൂ എന്നും ഉപദേശിക്കുകയുണ്ടായി.

“പ്രകൃതിയെ സ്നേഹിക്കുന്ന എല്ലാവരും ദൈവവിശ്വാസികള്‍ ആണ്” എന്നും അദ്ദേഹം പറയുന്നു.

ഗദ്ദറിന്‍റെ കവിതയും രാഷ്ട്രീയവും പിന്തുടരുന്നവര്‍ക്ക് ഒരു അത്ഭുതമായിരിക്കുകയാണ് അദ്ദേഹത്തിലെ ഈ മാറ്റം.

തെലങ്കാനയിലും ആന്ധ്രയിലും വ്യാജ ഏറ്റുമുട്ടല്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോഴോക്കെ അതിനെതിരെ ശബ്ദിച്ചിരുന്നയാളായിരുന്നു ഗദ്ദര്‍. ഒക്ടോബര്‍ 2004-ല്‍ ആന്ധ്രയിലെ വൈ. എസ് രാജശേഖര്‍ റെഡ്ഡി സര്‍ക്കാര്‍ മാവോയിസ്റ്റുകളുമായി സന്ധി ചര്‍ച്ച നടത്തിയപ്പോള്‍ അതിലെ പ്രധാന മധ്യസ്ഥനും ഗദ്ദര്‍ ആയിരുന്നു.

എൻജിനീയിങ് ബിരുദധാരിയായ ഗദ്ദര്‍ തെലങ്കാനയിലെ മേദക് ജില്ലക്കാരന്‍ ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ സായുധവിപ്ലവമെന്ന ആശയത്തില്‍ ഉറച്ചു നിന്ന പഞ്ചാബിലെ ഗദ്ദര്‍ പാര്‍ട്ടിയില്‍ നിന്നാണ് ഗുമ്മടി വിട്ടല്‍ റാവു ‘ഗദ്ദര്‍’ എന്ന പേര് സ്വീകരിക്കുന്നത്. നാലു ദശകത്തോളമായി മാവോയിസ്റ്റ് മുന്നേറ്റങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണ് ഗദ്ദര്‍.

“ഇതൊരു പരിവര്‍ത്തനമല്ല. ഒരു യഥാര്‍ത്ത മാര്‍ക്സിസ്റ്റ്‌ ജനങ്ങളുടെ ആത്മീയ ജനാധിപത്യത്തെ സങ്കല്‍പ്പങ്ങളെ ബഹുമാനിക്കുന്നു. ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തില്‍ മതവിശ്വാസം ജനങ്ങളില്‍ താത്കാലിക ആശ്വാസം പകരാറുണ്ട്. അതാണ്‌ യഥാര്‍ത്ത മാര്‍ക്സിസം.” ഗദ്ദര്‍ വിശദീകരിക്കുന്നു.

മാവോയിസ്റ്റ് മുന്നേറ്റങ്ങള്‍ മുന്‍പ് ഇല്ലാത്തതിലും ശക്തമായ അടിച്ചമര്‍ത്തലുകള്‍ അനുഭവിക്കുകയാണ് എന്നും ഗദ്ദര്‍ പറയുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള തയാറെടുപ്പുകളിലാണ് ഗദ്ദര്‍.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Maoist sympethizer poet gaddar turns to spiritual politics