കൊച്ചി: രാജ്യത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ മാവോയിസ്റ്റുകള്‍ 1,641 പേരെ വധിച്ചതായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇവരില്‍ 758 പേര്‍ പൊലീസിന്റെ ചാരന്മാരായിരുന്നു. 2011 മുതല്‍ 2016 ഡിസംബര്‍ 19 വരെയുള്ള കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
2011 ല്‍ 469 പേരെ മാവോയിസ്റ്റുകള്‍ വധിച്ചതില്‍ 218 പേര്‍ പൊലീസിന്റെ ചാരന്മാരായിരുന്നു. 2012 ല്‍ 134 ചാരനന്മാരടക്കം 301 പേര്‍ കൊല്ലപ്പെട്ടു. 2013 ല്‍ 282 (113 ചാരന്മാര്‍) പേരും, 2014 ല്‍ 222 (91 ചാരന്മാര്‍) പേരും, 2015 ല്‍ 171 (92 ചാരന്മാര്‍) പേരുമാണ് കൊല ചെയ്യപ്പെട്ടത്. 2016 ഡിസംബര്‍ 19 വരെ 191 പേര്‍ കൊലചെയ്യപ്പെ്ട്ടു. ഇതില്‍ 110 പേര്‍ പൊലീസ് ചാരന്മാരാണ്. രാജ്യസുരക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കുന്നതിന് ഒപ്പം നിരപരാധികളെയും മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2004 മുതല്‍ 2010 വരെയുള്ള കണക്കുകള്‍ പ്രകാരം 3,377 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2008 നും 2011 നും ഇടയില്‍ മാവോയിസ്റ്റ് ആക്രമണങ്ങളുടെ എണ്ണം കൂടുതലായിരുന്നുവെന്നും ഇക്കാലത്ത് മാത്രം 2,270 പേര്‍ കൊല്ലപ്പെട്ടെന്നുമാണ് കണക്ക്. അതേസമയം, സാധാരണ ജനങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തില്‍ ഇന്ന് വലിയ തോതില്‍ കുറവു വന്നിട്ടുണ്ട്.
ദക്ഷിണേന്ത്യയില്‍ കേരളം, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലേക്ക് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുവെന്ന് കേന്ദ്രം പറയുന്നു. പശ്ചിമഘട്ടത്തിലെ കാടുകള്‍ ഇവരുടെ താവളങ്ങളായി മാറിക്കഴിഞ്ഞു. മൂന്ന് സംസ്ഥാനങ്ങളും അതിര്‍ത്തി പങ്കിടുന്ന വനമേഖലയാണ് ഇവരുടെ പ്രധാന താവളം. അസം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് രാജ്യത്തെ ഭരണകൂടത്തെ ഗറില്ലാ ആക്രമണത്തിലൂടെ അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്നും രേഖകളില്‍ പറയുന്നു.