നിലമ്പൂര്‍ കരുളായി വനത്തില്‍ നവംബറിലുണ്ടായ പൊലീസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന ആരോപണം നിലനില്‍ക്കെ പൊലീസിനെ വെട്ടിലാക്കുന്ന ഒരു റിപ്പോര്‍ട്ട് കൂടി പുറത്തു വന്നു. പൊലീസിനേയും സായുധ സേനയേയും ആക്രമിക്കരുതെന്നും അവരുടെ ശക്തിയെ കുറച്ചു കാണരുതെന്നും സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി നിലമ്പൂര്‍ വനമേഖല കൂടി ഉള്‍പ്പെടുന്ന പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റിക്കു നല്‍കിയിരുന്ന മുന്നറിയിപ്പാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നിലമ്പൂര്‍ വനത്തിനുള്ളില്‍ രണ്ടു മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളെ വധിച്ച സ്ഥലത്തെ മാവോയിസ്റ്റ് ക്യാംപില്‍ നിന്നും പൊലീസ് കണ്ടെടുത്ത രേഖകളില്‍ നിന്നാണ് ഈ മുന്നറിയിപ്പടങ്ങുന്ന കത്തും പൊലീസിനു ലഭിച്ചത്. പൊലീസ് തന്നെയാണ് ഈ രേഖ ഇപ്പോള്‍ പുറത്തു വിട്ടതും.
പശ്ചിമഘട്ട മേഖലാ കമ്മിറ്റിക്ക് ലഭിച്ച തീയതിയോ വര്‍ഷമോ രേഖപ്പെടുത്താത്ത ഈ മുന്നറിയിപ്പ് മാവോയിസ്റ്റുകള്‍ ആസൂത്രണം ചെയ്ത 18 മാസ പദ്ധതിയുടെ ഭാഗമായ രാഷ്ട്രീയ, സൈനിക നീക്കങ്ങളെ കുറിച്ചാണ് പറയുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ടം വിജയകരമായി നടപ്പിലാക്കി എന്ന് ഉറപ്പു വരുത്തിയാല്‍ തന്നെ ശത്രുവിനെതിരായ (പൊലീസ്, സായുധ സേന) സായുധാക്രമണ നീക്കം വിജയകരമായിക്കൊള്ളമെന്നില്ല എന്ന് രേഖയിൽ വ്യക്തമാക്കുന്നു. ഗ്രാമീണ, നഗര മേഖലകളില്‍ സംഘടനാപരമായും രാഷ്ട്രീയമായും കൂടുതല്‍ പേരെ പാര്‍ട്ടിയോട് അടുപ്പിക്കുകയും അതു വഴി കൂടുതല്‍ ആയുധങ്ങള്‍ സമാഹരിക്കുകയും ചെയ്യാതെ സൈനിക നീക്കം വിജയിക്കില്ല. ഇതിനായി കുറച്ചു കൂടി സമയം ചെലവഴിക്കേണ്ടതുണ്ടെന്നും രേഖയിലുണ്ട്.
പൊലീസിന്റേയും സായുധ സേനാവിഭാഗങ്ങളുടേയും ശക്തിയെ വിലകുറച്ചു കാണുന്നതിനെ സംബന്ധിച്ചാണ് പ്രധാനമായും ഈ രേഖ മുന്നറിയിപ്പു നല്‍കുന്നത്. ‘സൈനിക നീക്കം നടത്തുന്നതിനുള്ള 18 മാസ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങളിലാണ് സായുധ പോരാട്ട പാതയിലേക്ക് നീങ്ങേണ്ടത്. എന്നാല്‍ ഈ പദ്ധതി തന്നെ നമ്മുടെ സ്വന്തം ശേഷിയില്‍ അമിത പ്രതീക്ഷ പുലര്‍ത്തുന്നതും ശത്രുവിന്റെ ശേഷിയെ കുറച്ചു കാണുകയും ചെയ്യുന്നു. ആയുധമെടുത്ത് നാം ആക്രമിക്കുന്ന പക്ഷം വലിയൊരു ആക്രമണത്തിനു തന്നെ ശത്രു മുതിരാനുള്ള സാധ്യത വലുതാണ്. അത് ഗ്രാമീണ, നഗര മേഖലകളിലും തിരിച്ചടി ഉണ്ടാകും. വലിയൊരു പ്രത്യാക്രമണത്തിനുള്ള തയാറെടുപ്പുകളിലേക്ക് പ്രവേശിച്ചാല്‍ ശത്രുക്കള്‍ കുറച്ചു കാലത്തേക്ക് വിദൂര വനപ്രദേശങ്ങളില്‍ എത്താനിടയില്ല. എന്നാല്‍ ഇതു താല്‍ക്കാലികമാണ്. വലിയ തിരിച്ചടിയുണ്ടായേക്കാമെന്ന കരുതല്‍ വേണ്ടതുണ്ട്,’ രേഖയില്‍ പറയുന്നു.
‘പൊലീസിനു നേരെ ആക്രമണം അഴിച്ചുവിടുന്നതോടെ നാം പ്രതിരോധത്തിലാകും. ഇത് ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്താനും നമ്മുടെ സംഘങ്ങളുടെ മൂന്നേറ്റങ്ങള്‍ തടസ്സപ്പെടുത്താനുമിടയാക്കും. നാം ആസൂത്രണം ചെയ്ത 18 പദ്ധതിയില്‍ നമ്മുടെ സ്വയം പ്രതിരോധത്തിനാവശ്യമായ കാര്യമായ പദ്ധതികളൊന്നും ആവിഷ്‌കരിച്ചിട്ടില്ല. ഒരു സൈനികാക്രമണത്തിന് മുതിരുമ്പോള്‍ പ്രതിരോധ വഴികളെ കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്,’ കത്തില്‍ പറയുന്നു.
നവംബര്‍ 24-നാണ് നിലമ്പൂര്‍ കരുളായി വനത്തിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ ഉള്‍ക്കാട്ടില്‍ പൊലീസ് മാവോയിസ്റ്റ് ക്യാംപിനു നേരെ ആക്രമണം നടത്തി കേന്ദ്ര കമ്മിറ്റി അംഗം കുപ്പു ദേവരാജ്, അജിത് എന്നീ രണ്ടു മാവോയിസ്റ്റ് നേതാക്കളെ വധിച്ചത്. പത്തിലേറെ പേര്‍ രക്ഷപ്പെടുകയും ചെയ്തു. സംഭവ സ്ഥലത്തിനു സമീപത്തു കണ്ടെത്തിയ ക്യാംപിൽ നിന്ന് ലാപ്‌ടോപ്, പെന്‍ഡ്രൈവ്, സോളര്‍ പാനല്‍, പുസ്തകങ്ങള്‍, വസ്ത്രങ്ങൾ, ഭക്ഷ്യ വസ്തുക്കള്‍, മരുന്ന് തുടങ്ങി നിരവധി വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത ലാപ്‌ടോപിലും പെന്‍ഡ്രൈവിലുമുള്ള പാര്‍ട്ടി രേഖകള്‍ സംഭവത്തിനു ശേഷം പൊലീസ് പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി വിഡിയോകളും ചിത്രങ്ങളും ഇതിനകം പുറത്തു വിട്ടെങ്കിലും എല്ലാം പൊലീസ് വാദങ്ങളെ പിന്തുണയ്ക്കുന്നവയായിരുന്നു. അതിനിടയിലാണ് ഈ രേഖ പുറത്തുവന്നിരിക്കുന്നത്.