ഭുവനേശ്വര്‍: സര്‍ക്കാര്‍ തലയ്ക്ക് ഒമ്പത് ലക്ഷം രൂപ വിലയിട്ട കൊടുംകുറ്റവാളികളായ മാവോയിസ്റ്റ് ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഒഡീഷയിലെ മാല്‍ക്കംഗിരി ജില്ലയിലാണ് രാമ കവാസി (38) മാലതി (25) എന്നിവര്‍ കീഴടങ്ങിയത്. കൊലപാതകം, സ്ഫോടനം, സുരക്ഷാ സേനയ്ക്ക് നേരെ നടത്തിയ ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പൊലീസ് ഇവരുടെ തലയ്കക്ക് വിലയിട്ടത്.

നക്സലിസം ഉപേക്ഷിച്ച് സാധാരണ ജീവിതത്തിലേത്ത് തിരിച്ചുപോകാനാണ് തങ്ങള്‍ കീഴടങ്ങിയതെന്നാണ് ഇവര്‍ പൊലീസിനോട് വ്യക്തമാക്കിയത്. ആദിവാസികളെ അടക്കം പീഡനങ്ങള്‍ക്ക് ഇരയാക്കിയ ഇവര്‍ മാവോയിസ്റ്റ് പ്രത്യയശാസ്ത്രത്തില്‍ വിശ്വാസം നഷ്ടപ്പെട്ടത് കൊണ്ടാണ് പിന്തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ബോഡിഗെട്ട ഗ്രാമത്തില്‍ നിന്നും മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന കവാസി മാവോയിസ്റ്റ് കമാന്‍ഡന്റ് ആയിരുന്നു. 2002 മുതല്‍ മാവോവാദിയായ ഇയാളുടെ തലയ്ക്ക് അഞ്ച് ലക്ഷമാണ് ഒഡിഷ സര്‍ക്കാര്‍ ഇട്ടത്. 2006 മുതല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഇയാളുടെ ഭാര്യയുടെ തലയ്ക്ക് നാല് ലക്ഷമാണ് സര്‍ക്കാരിട്ടത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നതിന് വേണ്ടിയാണ് തങ്ങള്‍ കീഴടങ്ങിയതെന്ന് ഇവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മാൽകൻഗിരിയിൽ തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ജി. നാഗേശ്വർ റാവു (38) ആണ് കൊല്ലപ്പെട്ടത്. നിരവധി കൊലക്കേസുകളിൽ പ്രതിയാണ് ഇയാൾ.

ശനിയാഴ്ച മാൽകൻഗിരിയിലെ വനത്തിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് നാഗേശ്വർ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെയാണ് മാവോ ദമ്പതികളുടെ കീഴടങ്ങല്‍.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ