ഇസ്ലാമാബാദ്: ‘എന്റെ മകളുടെ കൂടെ ആരാണ് ഇനി കളിക്കുക? വളര്‍ന്നാല്‍ അവളെ ആരാണ് വിവാഹം ചെയ്യുക?’, പാക്കിസ്ഥാനില്‍ നാല് വയസുകാരിക്ക് എച്ച്ഐവി ബാധിച്ചെന്ന് അറിഞ്ഞയുടനെ കുട്ടിയുടെ മാതാവ് പ്രതികരിച്ചത് ഇപ്രകാരമാണ്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുളള വസായോ ഗ്രാമത്തില്‍ അഞ്ഞൂറോളം കുട്ടികള്‍ക്കാണ് എച്ച്ഐവി ബാധിച്ചെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ലഭിച്ചത്. നിരവധി പേരാണ് ഗ്രാമത്തില്‍ പൊലീസ് മുന്‍കൈ എടുത്ത് സ്ഥാപിച്ച മെഡിക്കല്‍ ക്യാംപുകളിലേക്ക് പരിശോധനയ്ക്കായി എത്തുന്നത്.
പലരും തങ്ങളുടെ മക്കള്‍ എച്ച്ഐവി പോസിറ്റീവ് ആണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞാണ് തിരികെ പോകുന്നത്. അണുബാധിതമായ സിറിഞ്ചില്‍ നിന്നും ഒരു ഡോക്ടര്‍ കുത്തി വെച്ചാണ് കുട്ടികള്‍ക്ക് എച്ച്ഐവി ബാധിച്ചതെന്നാണ് ആരോപണം. ഇയാള്‍ മനപ്പൂര്‍വ്വമാണോ ഇത് ചെയ്തതെന്ന് പൊലീസ് അന്വേഷിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചകളില്‍ നടത്തിയ മെഡിക്കല്‍ പരിശോധനകളില്‍ 400ല്‍ അധികം ആളുകള്‍ക്കാണ് എച്ച്ഐവി കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗവും കുട്ടികളാണ്. പാക്കിസഥാനില്‍ ഉടനീളം രോഗം വ്യാപിക്കാനുളള സാധ്യതയുണ്ടെന്നും മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സുരക്ഷിതമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗമാണ് എച്ച്ഐവി വ്യാപിക്കാന്‍ കാരണമാക്കിയതെന്നാണ് നിഗമനം. വ്യാജ ഡോക്ടര്‍മാരുടെ ഇടപെടലും എയ്ഡ്സ് വ്യാപനത്തിന് കാരണമായി.

പ്രദേശത്തെ കുട്ടികളുടെ ഒരു ഡോക്ടറുടെ ചികിത്സാ പിഴവോ മനപ്പൂര്‍വ്വം ഉദ്ദേശിച്ചുളള അണുബാധയുളള സിറിഞ്ചിന്റെ ഉപയോഗമോ ആണ് കാരണമാക്കിയതെന്നാണ് അധികൃതരുടെ നിഗമനം. ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു.
കണ്ണീരണിഞ്ഞ് മാതാപിതാക്കള്‍:
മെഡിക്കല്‍ ക്യാംപുകളില്‍ പരിഭ്രാന്തരായാണ് മാതാപിതാക്കള്‍ കുട്ടികളേയും കൊണ്ട് പരിശോധനയ്ക്കായി എത്തുന്നത്. ‘കുടുംബത്തിലെ മുഴുവന്‍ പേരേയും കൊണ്ടാണ് എല്ലാവരും പരിശോധനയ്ക്ക് എത്തുന്നത്. ഇത്രയും പേരെ പരിശോധിക്കാന്‍ ആവശ്യമായ സൗകര്യമോ നഴ്സുമാരോ ഇവിടെ ഇല്ല,’ താത്കാലിക മെഡിക്കല്‍ ക്യാംപിലെ ഒരു ഡോക്ടര്‍ പറയുന്നു.
അതേ സമയം മുഖ്താര്‍ പര്‍വേസ് എന്ന മധ്യവയസ്കന് തന്റെ മകളെ പരിശോധിപ്പിക്കാനായി ക്യാംപിന് പുറത്ത് കാത്ത് നില്‍ക്കുന്നുണ്ട്. പുറത്തിരിക്കുന്ന പലരുടേയും കുട്ടികളുടെ മെഡിക്കല്‍ ഫലം പോസിറ്റീവ് ആണെന്ന് കാണിച്ചതിന്റെ പരിഭ്രമത്തില്‍ കൂടിയാണ് അദ്ദേഹത്തിന്റെ കാത്തിരിപ്പ്.
മൂന്ന് ദിവസം മുമ്പ് തന്റെ ഒരു വയസായ മകള്‍ക്ക് എച്ച്ഐവി ഉണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നിസാര്‍ അഹമ്മദ് എന്ന കൂലിപ്പണിക്കാരന് മരുന്നിനായി മെഡിക്കല്‍ ക്യാംപില്‍ എത്തിയത്. ‘ഈ കുട്ടികളെ മുഴുവനും ഈ ഗതിയിലാക്കിയ ആളെ ഞാന്‍ പ്രാകുകയാണ്. ദൈവം വെറുതെ വിടില്ല,’ നിസാര്‍ പറഞ്ഞു.
ജീവനെടുക്കുന്ന വ്യാജ ഡോക്ടര്‍മാര്‍:
എച്ച്ഐവി ബാധ കുറവ് മാത്രം രേഖപ്പെടുത്തിയിട്ടുളള രാജ്യമായിരുന്നു പാക്കിസ്ഥാന്. എന്നാല്‍ നിലവില്‍ രാജ്യത്ത് എയ്ഡ്സ് അതിവേഗമാണ് പടരുന്നത്. ലഹരിമരുന്ന് ഉപയോഗിക്കുന്നവരിലും ലൈംഗിക തൊഴിലാളികളിലും ആണ് എച്ച്ഐവി കൂടുതലായും കാണപ്പെടുന്നത്. 2017ല്‍ മാതത്രം 20,000ത്തോളം പേര്‍ക്കാണ് പാക്കിസ്ഥാനില്‍ എച്ച്ഐവി ബാധിച്ചിട്ടുളളത്. ഏഷ്യയില്‍ ഏറ്റവും വേഗത്തില്‍ എച്ച്ഐവി പടരുന്ന രാജ്യമായും പാക്കിസ്ഥാന് മാറിയതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഗുണമേന്മയുളള ചികിത്സാ സൗകര്യം ലഭ്യമാകാത്തതും പാക്കിസ്ഥാന് ജനതയെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലുളളവരാണ് പ്രത്യേകിച്ചും ഇത്തരത്തില്‍ അവശ്യമായ ചികിത്സാ സൗകര്യമില്ലാതെ ബുദ്ദിമുട്ടുന്നത്. വ്യാജ ഡോക്ടര്‍മാരുടെ വ്യാപനവും പാക്കിസ്ഥാനെ വലക്കുന്നണ്ട്. സര്‍ക്കാര്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനില്‍ 6 ലക്ഷത്തിലധികം വ്യാജ ഡോക്ടര്‍മാരാണ് പാക്കിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 2,70,000 വ്യാജ ഡോക്ടര്‍മാന്‍ സിന്ധ് പ്രവിശ്യയിലാണ് ജോലി ചെയ്യുന്നത്.
Read More News Here