ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിലെ പള്ളികളില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യന്‍ വംശജരായ ഒമ്പത് പേരെ കാണാതായതായി റിപ്പോര്‍ട്ട്. ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കോലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിവെപ്പില്‍ ഇവര്‍ കൊല്ലപ്പെട്ടതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ന്യൂസീലന്‍ഡ് അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു

അതേസമയം, ആക്രമണത്തില്‍ രണ്ട് ഹൈദരാബാദ് സ്വദേശികള്‍ക്ക് പരുക്കേറ്റതായി അസദുദ്ദീന്‍ ഒവൈസി. ആംബര്‍പെറ്റില്‍ താമസിക്കുന്ന അഹമ്മദ് ഇക്ബാല്‍ ജഹാംഗീറിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസ് വിവരം അറിയിച്ചതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. നാളെ സര്‍ജറി നടക്കുമെന്ന് പൊലീസ് അറിയിച്ചതായി സഹോദരന്‍ മുഹമ്മദ് ഖുര്‍ഷീദ് പറഞ്ഞു. കഴിഞ്ഞ 12 വര്‍ഷമായി ജഹാംഗീര്‍ ന്യൂസിലന്‍ഡില്‍ റസ്റ്റോറന്റ് നടത്തി വരികയാണ്.

Read More: ന്യൂസിലന്‍ഡ് ജനതക്കൊപ്പം, അക്രമത്തിനും വിദ്വേഷത്തിനും ജനാധിപത്യത്തില്‍ സ്ഥാനമില്ല: മോദി

ജഹാംഗീറിന്റെ കുടുംബം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം തെലുങ്കാ സര്‍ക്കാരിനോട് എത്രയും പെട്ടെന്ന് ഖുര്‍ഷിദിനെ ന്യുസിലന്‍ഡിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് ഫര്‍ഹാസ് അഹ്‌സാനെ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമല്ലെന്നും ഇദ്ദേഹവും ആക്രമണമുണ്ടാകുമ്പോള്‍ പള്ളിയിലുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

രണ്ട് മുസ്ലിം പളളികളിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ കൊല്ലപ്പെട്ടതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഓസ്ട്രേലിയന്‍ പൗരനാണ് വെടിവെപ്പ് നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

Read Also: ന്യൂസിലന്റ് പളളിയിലെ വെടിവെപ്പിന്റെ ദൃശ്യം അക്രമി ഫെയ്സ്ബുക്കില്‍ ലൈവ് സ്ട്രീം ചെയ്തു

വെളളിയാഴ്ച്ച ജുമുഅ നമസ്കാരത്തിനിടെയാണ് വെടിവെപ്പ് നടന്നത്. ഇതിന് പിന്നാല സൗത്ത് ഐലൻഡ് സിറ്റിയിലെ പള്ളിയിലും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. അക്രമിയെ ഇപ്പോഴും പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചത്. പൊലീസ് പ്രദേശത്ത് സുരക്ഷ ഏര്‍പ്പാടാക്കിയെന്നും എന്നാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ബംഗ്ലാദേശി ക്രിക്കറ്റ് ടീം അടക്കമുളള വിശ്വാസികള്‍ പളളിയില്‍ ഉണ്ടായിരുന്നപ്പോഴാണ് അക്രമം നടന്നത്. നിരവധി പേരാണ് മരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

സൈനിക വേഷത്തിലെത്തിയ അക്രമിയാണ് വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പ്രദേശത്തെ മുഴുവന്‍ സ്കൂളുകളും അടച്ചിട്ടു. പ്രദേശത്തെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കാന്‍ പൊലീസ് ഉത്തരവിട്ടു. ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പ്രതി ലൈവായി ഫെയ്സ്ബുക്കില്‍ സ്ട്രീം ചെയ്തിട്ടുണ്ട്. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ