ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ പടക്ക നിർമാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 47 പേര്‍ മരിച്ചതായി പൊലീസ് വ്യക്തമാക്കി. അമ്പതില്‍ അധികം പേര്‍ക്ക് പരുക്കേറ്റതായും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായത് കാരണം മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.

സംഭവ സമയത്ത് 110ഓളം തൊഴിലാളികളാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഫാക്ടറിയില്‍ ഇപ്പോഴും മൃതദേഹങ്ങള്‍ കാണാന്‍ കഴിയുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടുത്തുളള കെട്ടിടങ്ങള്‍ക്കും കേടുപാട് പറ്റിയിട്ടുണ്ട്. പൊലീസ് ഫാക്ടറിയിലേക്ക് കടക്കുംമുമ്പ് രണ്ട് പൊട്ടിത്തെറികള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അപകടത്തിന് ഇടയാക്കിയ കാരണം വ്യക്തമായിട്ടില്ല. രണ്ട് മാസം മുമ്പ് മാത്രമാണ് ഈ നിർമാണശാല ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ