ബാഗ്ദാദ്: മൊസൂൾ നഗരത്തിനടുത്ത് ടൈഗ്രീസ് നദിയിൽ കടത്തുബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 92 ആയി. നൗറൂസ് ആഘോഷത്തിനിടെ 200 പേര് സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. മരിച്ചവരില്‍ ഏറേയും സ്ത്രീകളും കുട്ടികളും ആണ്.
മരിച്ച ഭൂരിഭാഗം പേരും നീന്തൽ വശമില്ലാത്ത വനിതകളും കുഞ്ഞുങ്ങളുമാണെന്ന് മൊസൂൾ സിവിൽ ഡിഫൻസ് മേധാവി ഹുസാം ഖലീൽ അറിയിച്ചു. കുർദിഷ് പുതുവത്സരദിനം ആഘോഷിക്കാൻ സമീപത്തെ ടൂറിസ്റ്റ് ദ്വീപായ ഉംറബായീനിലേക്കു പോയവരാണ് ദുരന്തത്തിന് ഇരയായത്. നൗ റൂസ് എന്നു വിളിക്കപ്പെടുന്ന പേർഷ്യൻ പുതുവത്സരദിനം കുർദുകളടക്കം പശ്ചിമേഷ്യയിലെ പല വിഭാഗങ്ങളും ആഘോഷിക്കാറുണ്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്താൻ പ്രധാനമന്ത്രി അബ്ദുൾ മഹ്ദി ഉത്തരവിട്ടു. ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൊസൂളിലെ അണക്കെട്ട് തുറന്നുവിട്ടതിനാൽ നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ബോട്ടുടമസ്ഥർ അവഗണിച്ചതായി പറയപ്പെടുന്നു. ഇത്തവണ മുന്‍ വര്‍ഷങ്ങളേക്കാള്‍ മഴ ലഭിച്ചതും നദിയില്‍ വെളളം ഉയരാന്‍ കാരണമായി.